അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും, മോഡിക്ക് നന്ദിയെന്ന് പ്രസിഡന്റ്

അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും, മോഡിക്ക് നന്ദിയെന്ന് പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. 55കാരനായ അനുര കുമാര നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ്. 42.31 ശതമാനം വോട്ട് സ്വന്തമാക്കിയാണ് ഇടത് നേതാവ് വിജയം പിടിച്ചത്.

അനുര കുമാര ദിസനായകെ നിരിശ്വരവാദിയായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാ മതനേതാക്കളെയും സന്ദർശിക്കുകയും അവരുടെ പിന്തുണ തേടുകയും ചെയ്തിരുന്നു. ശ്രീലങ്കൻ ആർച്ച് ബിഷപ്പ് മാൽകോം കർദിനാൾ രഞ്ജിത്തിനെ സന്ദർശിച്ച അനുര കത്തോലിക്കാ സഭയെ അലട്ടുന്ന വിഷയങ്ങൾ ആരായുകയും ഈസ്റ്റർ ഞായറാഴ്ച നടന്ന ആക്രമണത്തിന് പിന്നിലെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ശ്രീലങ്കൻ ആർച്ച് ബിഷപ്പും അനുര കുമാര ദിസനായകെയും

ശ്രീലങ്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അനുര കുമാര ദിസനായകെ നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും ദിസനായകെ പറഞ്ഞു. എക്‌സിലൂടെയാണ് അനുര കുമാര പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്.

‘പ്രധാനമന്ത്രി മോഡി, നിങ്ങളുടെ നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും നന്ദി. ഇരും രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ പ്രതിബദ്ധത ഞാന്‍ പങ്കിടുന്നു. ജനങ്ങളുടെയും രാജ്യത്തിന്റെയും പ്രയോജനത്തിനായി സഹകരണത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാം,’ ദിസനായകെ എ്കസില്‍ കുറിച്ചു.

തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ അനുര കുമാരയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ എക്‌സിലൂടെയായിരുന്നു മോഡിയുടെ അഭിനന്ദനം. ശ്രീലങ്ക ഇന്ത്യയുടെ വിദേശ നയത്തില്‍ സുപ്രധാനസ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടുപോകാന്‍ ദിസനായകയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോഡി പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.