ടെല്‍ അവീവ്: ലെബനനില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകവെ മിഡില്‍ ഈസ്റ്റിലേക്ക് അധിക സൈന്യത്തെ അയച്ച് അമേരിക്ക. സര്‍വസന്നാഹങ്ങളുമായി മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനാണ് യു.എസ്. നീക്കം. പേജര്‍, വോക്കി-ടോക്കി സ്ഫോടനങ്ങള്‍ക്ക് പിന്നാലെ ലെബനന്‍ തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഇതിനിടെ മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്ന് അമേരിക്ക അറിയിച്ചു. 40,000 അമേരിക്കന്‍ സൈനികരെ നിലവില്‍ ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ വിമാനവാഹിനിക്കപ്പലും അയച്ചിട്ടുണ്ട്. ഇസ്രയേല്‍ സൈന്യം ഉടന്‍ തന്നെ ലെബനനില്‍ ആക്രമണം പ്രഖ്യാപിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് അമേരിക്കയുടെ നടപടി.
മിഡില്‍ ഈസ്റ്റിലേക്ക് എത്ര അമേരിക്കന്‍ സൈനികരെ ഇനിയും അയക്കുമെന്നതിനെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പങ്കുവെച്ചിട്ടില്ല. ഇതോടൊപ്പം മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനികര്‍ക്ക് എന്ത് ഉത്തരവാദിത്തമാണ് നല്‍കുകയെന്നും വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ 40,000 അമേരിക്കന്‍ സൈനികരെ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിട്ടുണ്ട്.
അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് ട്രൂമാനും രണ്ട് ഡിസ്ട്രോയറുകളും (യുദ്ധക്കപ്പല്‍) ഒരു ക്രൂയിസറും തിങ്കളാഴ്ച വിര്‍ജീനിയയിലെ നോര്‍ഫോക്ക് നേവല്‍ ബേസില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ മറ്റൊരു വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ നിലവില്‍ ഒമാന്‍ ഉള്‍ക്കടലില്‍ പട്രോളിങ് നടത്തുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും അമേരിക്കയ്ക്ക് ഒരേസമയം രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ വിന്യസിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം കണക്കിലെടുത്ത് മേഖലയില്‍ സൈനിക സേനയെ വര്‍ധിപ്പിക്കുകയാണെന്ന് മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹം മറ്റ് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. ഏത് അടിയന്തര സാഹചര്യത്തിലും ഇസ്രയേലിനെ സഹായിക്കാന്‍ തയ്യാറാണെന്ന് അടുത്തിടെ ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
യുദ്ധം ഒഴിവാക്കുന്നതിന് തങ്ങളാല്‍ കഴിയുന്നതെന്തും ചെയ്യാമെന്ന നിലപാടിലാണ് പ്രസിഡന്റ് ജോ ബൈഡന്‍. അതേസമയം, സംഘര്‍ഷം പൂര്‍ണയുദ്ധത്തിലേക്ക് വഴിമാറിയേക്കാമെന്ന് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബെയ്‌റൂത്തിലെ യു.എസ് പൗരന്മാരോട് രാജ്യം വിടാന്‍ യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2006-ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേര്‍ ആക്രമണത്തില്‍ മരിക്കുന്നത് ഇപ്പോഴാണ്. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.