ട്രംപിനെ വധിക്കാന്‍ ഇറാന്റെ രഹസ്യ പദ്ധതി; ലക്ഷ്യം അമേരിക്കയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ്

ട്രംപിനെ വധിക്കാന്‍ ഇറാന്റെ രഹസ്യ പദ്ധതി; ലക്ഷ്യം അമേരിക്കയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഇറാനില്‍ നിന്നുള്ള വധഭീഷണിയെക്കുറിച്ച് യുഎസ് നാഷണല്‍ ഇന്റലിജന്‍സ്
ഡയറക്ടറുടെ ഓഫീസാണ് (ഒഡിഎന്‍ഐ) ട്രംപിനെ അറിയിച്ചത്.

ട്രംപിനെ വധിക്കുന്നതിലൂടെ അമേരിക്കയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ഇതുവരെയുള്ള നീക്കമെല്ലാം പാളിയെങ്കിലും അവര്‍ ഇനിയും അതിനുള്ള ശ്രമം തുടരുമെന്ന് ട്രംപ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 'തനിക്കു ചുറ്റും ഇത്ര ബൃഹത്തായ സുരക്ഷാവലയം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല' തന്റെ സുരക്ഷ കൂട്ടിയ കാര്യം സ്ഥിരീകരിച്ച് ട്രംപ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാന്റെ ഭീഷണി വര്‍ധിച്ചിട്ടുള്ളത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രംപിനെ സംരക്ഷിക്കാനും തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനും യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപിന്റെ സംഘം പറഞ്ഞു. അമേരിക്കന്‍ കാര്യങ്ങളില്‍ ഇടപെടുന്നതായുള്ള ആരോപണങ്ങള്‍ ഇറാന്‍ നേരത്തെ നിഷേധിച്ചിരുന്നു. നവംബര്‍ അഞ്ചിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

ട്രംപിന് നേരെയുള്ള ഇറാന്റെ ഭീഷണികള്‍ സംബന്ധിച്ച് വിവിധ സ്രോതസുകളില്‍നിന്ന് ജോ ബൈഡന്‍ ഭരണകൂടത്തിന് രഹസ്യ വിവരങ്ങള്‍ ലഭിച്ചിരുന്നു.

2020ല്‍ ഇറാന്റെ ഉന്നത സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാന്‍ ട്രംപിനെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളില്‍ ട്രംപിനെ വധിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ഇറാനുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നത്. ബരാക്ക് ഒബാമ ഭരണകൂടവുമായി ഇറാന്‍ ഒപ്പിട്ട ആണവകരാറില്‍നിന്ന് ഏകപക്ഷീമായി പിന്മാറിയതും ട്രംപിന്റെ കാലത്തായിരുന്നു. ഈ വിഷയങ്ങള്‍ ഉള്‍പ്പെടെ യുഎസ്-ഇറാന്‍ ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിരുന്നു.

അതേസമയം, പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ശേഷം ട്രംപിനു നേരെ ഇതുവരെ നടന്ന രണ്ട് വധശ്രമങ്ങള്‍ ഇറാനുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പക്ഷേ, ഇറാന്റെ ഗൂഢപദ്ധതിയില്‍ പങ്കാളിയെന്നു കരുതുന്ന ഒരു പാക്കിസ്ഥാന്‍കാരനെ മാസങ്ങള്‍ക്കു മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസിന്റെ അരിസോണയിലെ ഓഫിസിനു നേരെ കഴിഞ്ഞയാഴ്ച നടന്ന വെടിവയ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നതും വലിയ പരിഭ്രാന്തി പരത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.