ഓളപ്പരപ്പിലെ തീപാറും മത്സരം ശനിയാഴ്ച; അവസാനവട്ട പരിശീലനത്തിൽ വള്ളങ്ങൾ; പ്രവാസികൾക്ക് ആവേശമായി കാവാലം സജിയും സംഘവും

ഓളപ്പരപ്പിലെ തീപാറും മത്സരം ശനിയാഴ്ച; അവസാനവട്ട പരിശീലനത്തിൽ വള്ളങ്ങൾ; പ്രവാസികൾക്ക് ആവേശമായി കാവാലം സജിയും സംഘവും

ആലപ്പുഴ: എഴുപതാമത് പുന്നമട നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിന് ഇനി രണ്ടുനാൾ മാത്രം. 19 ചുണ്ടൻവള്ളങ്ങളടക്കം 74 വള്ളങ്ങൾ മാറ്റുരക്കും. തുഴത്താളത്തിന്റെ ആരവത്തിന് മുമ്പേ ചുണ്ടൻ വള്ളങ്ങളുടെ അവസാനവട്ടം പരിശീലനം തകൃതിയായി നടക്കുന്നു. പുന്നമടയിലും വേമ്പനാട്ടുകായലിന്റെ വിവിധ ഭാഗങ്ങളിലും കുമരകത്തെ മുത്തേരിമടയിലുമാണ് തുഴച്ചിൽ പരിശീലനം.

ഇത്തവണത്തെ വളളം കളി ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രവാസികളും. അമേരിക്കയിലെ ചിക്കാ​ഗോയിൽ താമസമാക്കിയിരിക്കുന്ന ബിസിനസുകാരനും കാവാലം സ്വദേശിയുമായ സജി കാവാലമാണ് കരുവാറ്റ ശ്രീ വിനായകൻ ചുണ്ടന്റെ സ്പോൺസർ. ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ടാണ് എല്ലാദിവസവും പരിശീലനം നടത്തുന്നതെന്ന് കാവാലം സജി സി ന്യൂസ് ലൈവിനോട് പറഞ്ഞു.

നിരവധി കലാകാരന്മാരുടെയും ചെണ്ടമേളങ്ങളുടെയും കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അകമ്പടിയോടെയും വള്ളത്തിന്റെ ട്രാക്ക് എൻട്രി ഇന്ന് നടന്നു. മത സൗഹാർദത്തിന്റെ ആർപ്പ് വിളികളുമായാണ് വിനായകൻ കായലിലിറങ്ങുക. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന സജി കാവാലം ഇപ്പോൾ ഹോളിവുഡ് സിനിമാ നിർമാതാവ് കൂടിയാണ്.

അതേ സമയം ട്രാക്കിന്റെയും വിവിധ പവിലിയനുകളുടെയും 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി. 1150 മീറ്റർ ട്രാക്കിൽ കുറ്റിയടിച്ചു. മത്സരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങൾ സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലും ഒരുക്കിയിട്ടുണ്ട്.

മത്സരം തുടങ്ങുമ്പോൾ വെടിപൊട്ടൽ ശബ്ദത്തോടൊപ്പം റിമോട്ട് കൺട്രോൾ ഉപയോഗിച്ചു സ്റ്റാർട്ടിങ് പോയിന്റിലെ നാലു വള്ളങ്ങൾ ഒരേ സമയം റിലീസ് ചെയ്യും. ഇതേസമയം തന്നെ വള്ളങ്ങൾ ഫിനിഷ് ചെയ്യാൻ എടുക്കുന്ന സമയം തുടങ്ങും. ഫിനിഷിങ് പോയിന്റിൽ ഓരോ ട്രാക്കിലും സ്ഥാപിച്ചിട്ടുള്ള ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ചു വള്ളങ്ങൾ ഫിനിഷ് ചെയ്യുന്ന സമയം കൃത്യമായി രേഖപ്പെടുത്തും.

മത്സരഫലം തത്സമയം അറിയാൻ പവിലിയനിലും ഫിനിഷിങ് പോയിന്റിലും എൽഇഡി ഭിത്തി ഒരുക്കും. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ ഫിനിഷിങ് പോയിന്റിലും പവിലിയനിലും മാലിന്യങ്ങൾ നീക്കം ചെയ്യുന്നുമുണ്ട്.വള്ളംകളി ദിനത്തിൽ കൃത്യം 2ന് തന്നെ ചുണ്ടൻ വള്ളങ്ങളുടെ മത്സരം തുടങ്ങും. വൈകിട്ട് 5.30 ന് പൂർത്തിയാകും.ഇന്നലെ സ്റ്റാർട്ടിങ് ഡിവൈസിന്റെ പ്രാരംഭ പരിശോധന നടന്നു.

തുടർച്ചയായ അഞ്ചാം കിരീടമെന്ന ലക്ഷ്യമിട്ടാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വരവ്. 15 തവണ നെഹ്‌റു ട്രോഫി നേടിയ കാരിച്ചാൽ ചുണ്ടനിലാണ് മത്സരിക്കുന്നത്. വെല്ലുവിളി ഉയർത്തുന്നത് ഏറ്റവും കൂടുതൽ വെള്ളിക്കപ്പിൽ മുത്തമിട്ട യു.ബി.സി കൈനകരിയാണ്. ഇത്തവണ തലവടി ചുണ്ടനിലാണ് തുഴയെറിയുന്നത്. വില്ലേജ് ബോട്ട് ക്ലബ് കൈനകരി എത്തുന്നത് കഴിഞ്ഞ വർഷം ജേതാക്കളായ വീയപുരം ചുണ്ടനിലാണ്. കുമരകം ടൗൺബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിലും പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് പായിപ്പാടനിലും തുഴയെറിയുമ്പോൾ ഓളപ്പരപ്പിലെ മത്സരം തീപാറും.

വള്ളംകളി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. പകരം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം നിർവഹിക്കുമെന്നാണ് വിവരം. വള്ളംകളി നടക്കുന്ന ശനിയാഴ്ച മുഖ്യമന്ത്രിക്ക് പോളിറ്റ് ബ്യൂറോ യോഗത്തിലും സീതാറാം യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കണം. ജില്ലയിലെ മറ്റ് മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.