കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ നടന്‍ സിദ്ദിഖ് വൈകാതെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. തിരുവനന്തപുരം എസ്‌ഐടിക്ക് മുന്‍പാകെയാവും സിദ്ദിഖ് ഹാജരാകുകയെന്നാണ് വിവരം.
ഉപാധികള്‍ അനുസരിച്ചാണ് സുപ്രീം കോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. ഉപാധികള്‍ എന്തൊക്കെയാണെന്ന് സംബന്ധിച്ച് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
വിചാരണ കോടതി മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥകള്‍ക്ക് ബാധകമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് കണക്കിലെടുത്താണ് കോടതി ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനം എന്തു ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. കേസില്‍ കക്ഷിചേരാന്‍ ശ്രമിച്ചവരെ കോടതി ശാസിച്ചു. ഇവര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരും നടിയും സിദ്ദിഖിന്റെ ആവശ്യത്തെ ശക്തമായി എതിര്‍ത്തെങ്കിലും ഹര്‍ജിയില്‍ നോട്ടീസ് അയച്ചുകൊണ്ടാണ് കോടതി അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു.
സിദ്ദിഖ് മലയാളത്തിലെ സൂപ്പര്‍ താരമാണെന്നതും പരാതിക്കാരിയുമായുള്ള പ്രായ വ്യത്യാസവും അതിജീവിതയുടെ അഭിഭാഷകയും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകയും കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ മലയാളത്തിന്റെ അറിയപ്പെടുന്ന നടന്‍ ഏതുഘട്ടത്തിലും ലഭ്യമാകുമെന്നും എവിടേക്കും ഓടിപ്പോകില്ലെന്നും മുകുള്‍ റോഹ്തകി വാദിച്ചു. റോഹ്തകിയുടെ വാദത്തെ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക എതിര്‍ത്തു.
ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയുടെയും സതീഷ് ചന്ദ്ര ശര്‍മയുടെയും ബെഞ്ചില്‍ 62-ാമത്തെ കേസായാണ് പരിഗണിച്ചത്. അഡിഷണല്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയാണ് സംസ്ഥാന സര്‍ക്കാരിനായി ഹാജരായത്.
മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ ഇറക്കാനായിരുന്നു നീക്കമെങ്കിലും വനിതാ അഭിഭാഷകയെ നിയോഗിക്കാമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു. അതിജീവിതയ്ക്കായി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരായി.
തടസ ഹര്‍ജികളാണ് സര്‍ക്കാരും അതിജീവിതയും നല്‍കിയത്. പായിച്ചിറ നവാസ്, അജീഷ് കളത്തില്‍ തുടങ്ങിയ പൊതുപ്രവര്‍ത്തകരും തടസ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.