സുഖഭോഗങ്ങളിൽ നിന്ന് മുക്തി നേടി മനസ്സിനെ വിമലീകരിച്ച് നോമ്പ് കാലത്തിലേക്ക് പ്രവേശിക്കുക എന്ന ഉദ്ദേശത്തോടെ നോമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസം ‘പേത്തുർത്ത ‘ ആചരിക്കുന്നു. വലിയ നോമ്പിന്റെ തലേദിവസത്തെ ഞായറാഴ്ചയാണ് പേത്തുർത്ത ആചരിക്കുന്നത്.
പേത്തുർത്താ എന്നറിയപ്പെടുന്ന 50 നോമ്പിന്റെ തലേ ദിവസത്തെ ഞായറാഴ്ച സന്ധ്യാനമസ്കാരതോടെ പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നു. ”പേത്തുർത്താ” എന്ന സുറിയാനി വാക്കിന്റെ അർത്ഥം ‘തിരിഞ്ഞു നോട്ടം', 'അനുരഞ്ജനം' എന്നാണ്. നോമ്പുകാലത്ത് നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി ഉണ്ടായിരിക്കേണ്ട ആത്മപരിശോധനയുടെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തുർത്ത ആചരണം വിരൽചൂണ്ടുന്നത്.
ഭൗതികതയുടെ എല്ലാ ഉത്സവങ്ങളോടും വിട പറഞ്ഞുകൊണ്ട് അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും വലിയ അനുഭവത്തിലേയ്ക്കുള്ള കടന്നുവരവാണ് നോമ്പ്. മതപരമായ ഒരു ചടങ്ങ് എന്നതിനിക്കാൾ വിശ്വാസപരമായതും സാമുദായികവുമായ ഒരു ചടങ്ങാണ് പേത്തുർത്ത.
മാർത്തോമ്മാ ക്രിസ്ത്യാനികളായിരുന്നു പേത്തുർത്ത കൂടുതലായി ആഘോഷിച്ചിരുന്നത്. പേത്തുർത്ത എന്ന വാക്ക് പ്രധാനപ്പെട്ട സുറിയാനി നിഘണ്ടുകളിൽ രേഖപ്പെടുത്തിയിട്ടില്ല. തിരികെ വരിക, അവസാനിക്കുക, കടന്നുപോവുക എന്നെല്ലാം അർത്ഥമുള്ള ‘പഥര്‍’ എന്നതിൽ നിന്ന് വന്നതാകാം പേത്തുർത്ത എന്ന വാക്ക്. ചിലർ പേത്തുർത്ത എന്ന വാക്കിന് ‘തിരിഞ്ഞു നോട്ടം’ എന്ന അർത്ഥവും നൽകുന്നുണ്ട്.
സുഭിക്ഷമായ ഭക്ഷണത്തിന്റെയും ആഘോഷങ്ങളുടെയും ദിനങ്ങളവസാനിച്ചു എന്നാണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. നോമ്പാരംഭിക്കുമ്പോൾ പഴയതിൽ നിന്നും വ്യത്യസ്തമായ ഒരു പുതിയ ജീവിതചര്യ സ്വന്തമാക്കണമെന്ന് ഈ പദം സൂചിപ്പിക്കുന്നു. വലിയ നോമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസമായ പേത്തുർത്ത സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമായ ചടങ്ങാണന്ന് പറയാം.
പുതിയ ഒരു ജീവിതത്തിലേക്കുള്ള തിരികെ വരികലായിരുന്നു പേത്തുർത്ത. പഴയജീവിതം അവസാനിപ്പിച്ച് പുതിയ ജീവിതശൈലിയിലേക്കുള്ള മാറ്റം. വലിയ നോമ്പിലേക്ക് കടക്കൂന്നതിനു മുമ്പുള്ള ആത്മീയവും ശാരീരികവുമായ പുതുക്കലിന്റെ അനുഭവമായിരുന്നു പേത്തുർത്ത. സമൃദ്ധമായ ഭക്ഷണത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചടങ്ങായിരുന്നു പേത്തുർത്ത.
പേത്തുർത്ത ദിവസം നോമ്പ് ദിവസങ്ങളിൽ വർജിക്കേണ്ടതായ ആഹാരപദാർത്ഥങ്ങൾ (ഇറച്ചി , മീൻ , മുട്ട…) പാകം ചെയ്തതിനു ശേഷം അവ പാകം ചെയ്ത മൺപാത്രങ്ങൾ ഉടച്ചു കളയുന്ന ഒരു ചടങ്ങു കൂടി ഉണ്ടായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ തങ്ങൾ വർജിക്കേണ്ട മാംസാഹരങ്ങൾ ഇന്നത്തോടുകൂടി ഭക്ഷിച്ച് അവസാനിപ്പിക്കുന്നു എന്നുള്ള ഉടമ്പടിയാണ് പേത്തുർത്ത. അതുകൊണ്ടു കൂടിയാണ് ആഹാരം പാകം ചെയ്ത മൺപാത്രങ്ങൾ ഉടച്ചുകളയുന്നത്.
ഏറ്റവും കൃത്യമായും കർശനമായും അനുഷ്ഠിക്കേണ്ട അമ്പതു നോമ്പ് യേശുവിന്റെ കൂടെ വസിക്കാനുള്ള ദിവസങ്ങളാണ്. "പ്രാർത്ഥനയും ഉപവാസവും ഒന്നിച്ചു പോകുന്നതാണെന്നും ഒന്നിനെ മറ്റൊന്നിൽ നിന്ന് വേർപെടുത്താൻ സാധ്യമല്ലെന്നും" സുറിയാനി സഭാപിതാവായ മാർ അപ്രേം പറയുന്നു.
ഇനി നോമ്പിന്റെ, ചെറുതാകലിന്റെ, പങ്കുവെക്കലിന്റെ, പുണ്യ പ്രവർത്തികളുടെ അമ്പത് നാളുകൾ. വിശുദ്ധിയും ചൈതന്യവും നിറഞ്ഞ നല്ല ഒരു നോമ്പാനുഭവം നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ. ആരാധന ക്രമത്തിലധിഷ്ഠിതമായ ഒരു നോമ്പാചരണത്തിലൂടെ നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കാം.
സ്വയം ചെറുതാകാൻ ആഗ്രഹമില്ലാത്ത മനസ്സുകളിലൊന്നും ക്ഷമയെന്ന പുണ്യത്തിനു ഇടമില്ല. ഏവർക്കും അനുഗ്രഹദായകമായ ഒരു നോമ്പുകാലം ആശംസിക്കുന്നു. പ്രാർത്ഥിച്ചൊരുങ്ങാം. പുതിയ ജീവിതശൈലിയിലേക്ക്. മനുഷ്യന്റെ നന്മയിലും ദൈവത്തിന്റെ സ്‌നേഹത്തിലും നമുക്കു നല്ല ഒരു നാളയെ സ്വപ്‌നം കാണാം.
(എലിസബത്ത് ബേബി )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.