മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ ജോലി; കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോകാന്‍ പുതിയ ബോട്ടെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ ജോലി; കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോകാന്‍ പുതിയ ബോട്ടെത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ജോലിക്കായി കേരളത്തിലെ പൊലീസുകാര്‍ക്ക് പോകാന്‍ പുതിയ ബോട്ട്. 39 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ബോട്ട് തേക്കടിയിലെത്തിച്ചു.

തേക്കടിയില്‍ നിന്നും ബോട്ട് മാര്‍ഗവും വള്ളക്കടവ് വഴി ജീപ്പിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്താം. സുരക്ഷ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2008 ലാണ് പൊലീസിനായി ആദ്യ ബോട്ട് വാങ്ങിയത്. 20 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമായിരുന്ന ബോട്ടില്‍ കാലപ്പഴക്കം മൂലം ഇപ്പോള്‍ ആറ് പേര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ.

കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന പുതിയ ബോട്ട് വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതേ തുടര്‍ന്നാണ് പുതിയ ബോട്ടിനായി സര്‍ക്കാര്‍ പണം അനുവദിച്ചത്. ഇടുക്കി ജില്ല പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് തേക്കടിയില്‍ പുതിയ ബോട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു.

അണക്കെട്ടിന്റെ സുരക്ഷക്കായി കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാറില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങിയത്. ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 126 പേരെയാണ് ആദ്യഘട്ടത്തില്‍ നിയോഗിച്ചത്.

അണക്കെട്ടിന് സമീപം താമസ സൗകര്യവും സ്വന്തമായി കെട്ടിടവും ഇല്ലാത്തതിനാല്‍ എണ്ണം പിന്നീട് 56 ആയി കുറച്ചു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്നാണ് പ്രവര്‍ത്തനം. പുതിയ കെട്ടിടം പണിയാന്‍ അനുവദിച്ച സ്ഥലത്തിന് വനം വകുപ്പ് അവകാശവാദം ഉന്നയിച്ചതിനാല്‍ പണികള്‍ മുടങ്ങിക്കിടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.