ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കായിക വികസന പദ്ധതികള്‍ക്കായുള്ള ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്റുകളില്‍ ഇന്ത്യക്കുള്ള വിഹിതം തടഞ്ഞു വയ്ക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) തീരുമാനിച്ചു.
ഒക്ടോബര്‍ എട്ടിന് ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിന്റെ തീരുമാനം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷയെ കത്തിലൂടെ അറിയിച്ചു.
'എക്‌സിക്യൂട്ടീവ് കൗണ്‍സിലിനുള്ളില്‍ ഉന്നയിക്കപ്പെട്ട പരസ്പര ആരോപണങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അഭിമുഖീകരിക്കുന്ന വ്യക്തമായ ആഭ്യന്തര തര്‍ക്കങ്ങളും ഭരണ പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യം വളരെയധികം അനിശ്ചിതത്വം സൃഷ്ടിക്കുന്നു, വ്യക്തത ആവശ്യമാണ്.
അതിനാല്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നത് വരെ, ഒളിമ്പിക് സ്‌കോളര്‍ഷിപ്പുകള്‍ വഴി നേരിട്ടുള്ള പണം നല്‍കുന്നതൊഴികെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുള്ള ഫണ്ട് തടയുന്നു'- അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കത്തിലൂടെ അറിയിച്ചു.
അസോസിയേഷനിലെ തര്‍ക്കങ്ങള്‍ക്കിടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ) ആദ്യ വനിതാ പ്രസിഡന്റ് പി.ടി. ഉഷയ്ക്കെതിരേ അവിശ്വാസ പ്രമേയത്തിന് നീക്കവും നടക്കുന്നുണ്ട്.
25 ന് നടക്കുന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലെ അജന്‍ഡയില്‍ ഉഷയ്ക്കെതിരായ അവിശ്വാസ പ്രമേയവുമുണ്ടെന്ന് കാണിച്ച് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബേ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനെതിരെ പി.ടി ഉഷ രംഗത്ത് വരികയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.