പതിമ്മൂന്നുകാരന് മൂലകോശം നല്‍കാന്‍ അയര്‍ലന്‍ഡില്‍ നിന്ന് അനീഷ് പറന്നെത്തി

പതിമ്മൂന്നുകാരന് മൂലകോശം നല്‍കാന്‍ അയര്‍ലന്‍ഡില്‍ നിന്ന് അനീഷ് പറന്നെത്തി

തൃശൂര്‍: പതിമ്മൂന്നുകാരന് മൂലകോശം നല്‍കാന്‍ അയര്‍ലന്‍ഡില്‍ സ്ഥിര താമസമാക്കിയ തൃശൂര്‍ സ്വദേശി അനീഷ് ജോര്‍ജ് പറന്നെത്തി. കഴിഞ്ഞ മാസം ഒരു സന്നദ്ധ സംഘടനയാണ് വിവരം പറഞ്ഞ് അനീഷിനെ വിളിക്കുന്നത്. രക്താര്‍ബുദബാധിതനായ പതിമ്മൂന്നുകാരന് മൂലകോശം യോജിക്കുമെന്നും നല്‍കാന്‍ തയ്യാറാണോയെന്നുമായിരുന്നു ചോദ്യം. മുമ്പ് നടന്ന ഒരു മൂലകോശദാന ക്യാമ്പില്‍ അനീഷ് നല്‍കിയ കോശം പതിമ്മൂന്നുകാരന് യോജിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സംഘടന അനീഷിനെ വിളിച്ചത്.

രക്താര്‍ബുദം ബാധിച്ച അഞ്ച് വയസുകാരന് മൂലകോശം തേടിയുള്ള ക്യാമ്പിലാണ് അനീഷ് മുമ്പ് പങ്കെടുത്തത്. അന്ന് ഫലം കാണാതെ കുഞ്ഞ് മരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ വിളി വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാരണം അര്‍ബുദം ബാധിച്ച് മരിച്ച അമ്മ സെലീനയുടെ ഓര്‍മ്മകള്‍ അനീഷിന്റെ മനസില്‍ ഉണ്ടായിരുന്നു .

മൂലകോശം നല്‍കുന്നതിന് അമൃത ആശുപത്രിയിലെത്താനായിരുന്നു നിര്‍ദേശം. വിമാന ടിക്കറ്റ് സംഘടന നല്‍കി. 18 നാണ് രക്തകോശ ദാനം നടക്കുക. അതുവരെ അഞ്ച് ദിവസം വീട്ടിലെത്തി മൂലകോശ വര്‍ധനയ്ക്കായുള്ള കുത്തിവെപ്പ് നടത്തും. അനീഷിന് ബി പോസറ്റീവ് രക്തമാണ്. സ്വീകര്‍ത്താവിന് ഒ നെഗറ്റീവും. മൂലകോശ ചികിത്സ കഴിഞ്ഞാല്‍ ദാതാവിന്റെ ഗ്രൂപ്പിലേക്ക് സ്വീകര്‍ത്താവ് മാറും. 10,000 മുതല്‍ 20 ലക്ഷം ദാതാക്കളില്‍ നിന്നാണ് ഒരു മൂലകോശം യോജിക്കുക.

തൃശൂര്‍ സ്വദേശി ചിറമ്മല്‍ ജോര്‍ജിന്റെയും സെലീനയുടെയും മകനാണ് 46 കാരനായ അനീഷ്. കോട്ടയം സ്വദേശിയായ ഭാര്യ മിറ്റു അയര്‍ലന്‍ഡില്‍ നഴ്സാണ്. സെല്‍മെറീറ്റ, ഡാനല്‍ ജിയോ, എഡ്വറിക്സ് എന്നിവര്‍ മക്കളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.