വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍; മഹാരാജാസിന് ഓട്ടോണമസ് പദവി ഇല്ല, സ്ഥിരീകരിച്ച് യുജിസി

വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍; മഹാരാജാസിന് ഓട്ടോണമസ് പദവി ഇല്ല, സ്ഥിരീകരിച്ച് യുജിസി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി. കോളജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കിയിട്ടില്ലെന്നാണ് യുജിസി രേഖ വ്യക്തമാക്കുന്നത്. അംഗീകാരം 2020 മാര്‍ച്ച് വരെ മാത്രമെന്നിരിക്കെ കോളജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും. ഓട്ടോണമസ് പദവി തുടരാന്‍ യുജിസിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നിരിക്കെ അഫിലിയേഷന്‍ എംജി സര്‍വകലാശാല നേരിട്ട് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

ബിഎ പരീക്ഷ പാസാവാത്ത എസ്എഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എംഎ ക്ലാസില്‍ പ്രവേശനം നല്‍കിയ മഹാരാജാസ് കോളജിന് 2020 മാര്‍ച്ച് വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നല്‍കിയിട്ടുള്ളൂവെന്നും ഓട്ടോണമസ് പദവി തുടരുന്നതിന് കോളജ് അധികൃതര്‍ യുജിസി പോര്‍ട്ടലില്‍ അപേക്ഷിച്ചിട്ടില്ലെന്നുമാണ് യുജിസി വ്യക്തമാക്കിയിരിക്കുന്നത്.

കോളജ് അധികൃതര്‍ യഥാസമയം യുജിസിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും കോളജിന്റെ ഓട്ടോമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം കളവായിരുന്നുവെന്നമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിക്ക് യുജിസിയില്‍ നിന്നും ലഭിച്ച വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എംജി യൂണിവേഴ്‌സിറ്റി നല്‍കിയ ബിരുദങ്ങള്‍ അസാധുവാകും.

മഹാരാജാസിന് യുജിസിയുടെ തുടര്‍ അംഗീകാരം ഇല്ലെന്നത് മറച്ചുവച്ചാണ് യൂണിവേഴ്‌സിറ്റി ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. സിലബസ് അംഗീകരിക്കുന്നതും ചോദ്യക്കടലാസ് തയ്യാറാക്കുന്നതും പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണയവും ഫല പ്രഖ്യാപനവും കോളജില്‍ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരം ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും ദുരുപയോഗം ചെയ്യുന്നതായ ആക്ഷേപവും വ്യാപകമാണ്.

കോളജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തില്‍ കോളജിനെ എംജി യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റണമെന്നും 2020 മാര്‍ച്ചിന് ശേഷമുള്ള വിദ്യാര്‍ത്ഥി പ്രവേശനം, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.