എഡിഎമ്മിന്റെ മരണം: കണ്ണൂര്‍ കളക്ടറെ തുടരന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി

എഡിഎമ്മിന്റെ മരണം: കണ്ണൂര്‍ കളക്ടറെ തുടരന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് കൈമാറി.

സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെ കളക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കളക്ടറാണെന്ന് ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നുമുണ്ട്. ആരോപണ നിഴലില്‍ നില്‍ക്കുന്ന കളക്ടര്‍ അരുണ്‍ കെ.വിജയനെ പ്രതിരോധത്തിലാക്കുന്നതാണ് ദിവ്യയുടെ വാദം.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് ഇന്ന് കളക്ടറുടെ മൊഴിയെടുക്കും. ഇതിനിടെ നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കളക്ടര്‍ കത്തയച്ചിരുന്നു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയാണ് കത്തയച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ചു സംസാരിച്ചിരുന്നതായും കത്തില്‍ പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.