നെറ്റിയിൽ വീഴുന്ന ഭസ്മം ഹൃദയത്തിലും പതിയട്ടെ

നെറ്റിയിൽ വീഴുന്ന ഭസ്മം ഹൃദയത്തിലും പതിയട്ടെ

ധ്യാനം കൂടിയശേഷം രണ്ടു വർഷത്തോളം അദ്ദേഹം മദ്യപാനം നിർത്തി. എന്നാൽ മദ്യപാനത്തിൽ നിന്നും അദ്ദേഹത്തിന് പൂർണ്ണമോചനം ലഭിച്ചില്ല. പതിയെ പഴയ ദുശീലങ്ങളിലേക്ക് തന്നെയാണ് അയാൾ മടങ്ങിയത്. ഈ വിവരങ്ങൾ അറിയിക്കാനും പ്രാർത്ഥിക്കാനുമാണ് അയാളുടെ ഭാര്യ എൻ്റെയടുത്ത് വന്നത്.

''അച്ചാ, മദ്യപിക്കരുതെന്ന് അദ്ദേഹത്തോട് പറയുമ്പോൾ നിങ്ങളുടെ ആരുടെയും പണമെടുത്തല്ലല്ലോ ഞാൻ മദ്യപിക്കുന്നത് എന്നാണ് ന്യായീകരണം. അദ്ദേഹം പറഞ്ഞത് ശരിയാണ്, വീട്ടിൽ നിന്ന് പണമെടുക്കാറില്ല. എടുക്കാൻ അതിനില്ലല്ലോ?സന്ധ്യയാകുമ്പോഴേക്കും കൂട്ടുകാരുടെ ഫോൺ കോളുകളാണ്. വരുന്നില്ലെന്ന് പറഞ്ഞാലും അവർ നിർബന്ധിച്ചുകൊണ്ടിരിക്കും. വയറു നിറയെ കള്ളുകുടിച്ച് വന്നാൽ വീട്ടിലെ ബഹളങ്ങൾ ഇല്ലാതാക്കാൻ സുഹൃത്തുക്കളാരും ഉണ്ടാകില്ലല്ലോ?വീട്ടിൽ അരിയില്ലെന്നു പറഞ്ഞാൽ ഒരു കിലോ അരി പോലും വാങ്ങിത്തരാൻ അവർക്ക് പണമില്ല. പക്ഷേ മദ്യത്തിനാണെങ്കിൽ എത്ര പണം മുടക്കാനും അവർ തയ്യാറാണ്. എത്രയോ കുടുംബങ്ങളാണച്ചാ ഇങ്ങനെയുള്ള കൂട്ടുകാർ മുഖേന തകർന്നു പോകുന്നത്? "

ആ സ്ത്രീയെ സമാധാനിപ്പിച്ച് പറഞ്ഞയച്ചപ്പോഴും അവർ പറഞ്ഞ വാക്കുകൾ എൻ്റെ കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു. തെറ്റായ സുഹൃത്തുക്കൾ മുഖേന എത്രയെത്ര കുടുംബ ബന്ധങ്ങളാണ് തകർന്നടിയുന്നത്? സ്വയം നശിക്കുകയും മറ്റുള്ളവരെ കൂടി നിർബന്ധിച്ച് ആ തെറ്റിലേക്ക് നയിക്കുകയും ചെയ്യുന്നവർ ഇന്നേറിവരികയാണ്. ദൈവത്തിൽ നിന്നും കുടുംബത്തിൽ നിന്നും ബന്ധങ്ങളിൽ നിന്നുമെല്ലാം അകറ്റുവാൻ ചില കൂട്ടുകാരുടെ ദുഷ്പ്രേരണകളല്ലെ കാരണമാകുന്നത്?

അങ്ങനെയുള്ളവരെക്കുറിച്ച് വചനം പറയുന്നത് ശ്രദ്ധിക്കൂ: "ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന്‌ ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത്‌ അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും" (മത്തായി 5 : 19)

കരിപുരളാതെ സൂക്ഷിക്കുന്ന നെറ്റിയിൽ വിഭൂതിയുടെ കരിപതിയുമ്പോൾ നമുക്കും ചിന്തിക്കാം: മറ്റുള്ളവരെ തിന്മയിലേക്ക് നയിച്ചിട്ട് നമുക്കെന്തു നേട്ടമുണ്ട്?

നോമ്പിൻ്റെ പുണ്യം ഹൃദയത്തിലേറ്റുവാൻ വിഭൂതി വഴിതെളിക്കട്ടെ. (ലത്തീൻ റീത്തിൽ ബുധനാഴ്ചയാണ് വിഭൂതി ആരംഭിക്കുന്നത്)

(ഫാദർ ജെൻസൺ ലാസലെറ്റ്

ഫെബ്രുവരി 15- 2021)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.