കാന്‍ബറ: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് രാജാവിനോട് ആക്രോശിച്ച അബോര്‍ജിനല്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പിന് പിന്തുണയും എതിര്‍പ്പും. ഓസ്ട്രേലിയന്‍ രാഷ്ട്രതലവനെയും കാമില രാജ്ഞിയെയും പരസ്യമായി തള്ളിപ്പറഞ്ഞ സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ്പ് രാജിവയ്ക്കണമെന്ന് മന്ത്രിമാര്‍ക്കിടയിലും സഭാംഗങ്ങള്‍ക്കിടയിലും ആവശ്യം ഉയരുന്നുണ്ട്.
ലിഡിയ തോര്‍പ്പിന്റെ പെരുമറ്റം അനാദരവുള്ള പ്രവൃത്തിയാണെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍, ഓസ്ട്രേലിയയിലെ ഭരണ സംവിധാനത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ സെനറ്റില്‍ നിന്ന് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
'സംവിധാനത്തില്‍ വിശ്വസിക്കാത്ത, എന്നാല്‍ സിസ്റ്റത്തില്‍ നിന്ന് ഒരു വര്‍ഷം കാല്‍ ദശലക്ഷം ഡോളര്‍ സ്വീകരിക്കുന്ന ഒരാള്‍ രാജിവയ്ക്കണമെന്ന് പാര്‍ലമെന്റംഗങ്ങളുടെ അടിസ്ഥാന ശമ്പളത്തെ പരാമര്‍ശിച്ച് പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. രാജാവിന്റെ വിജയകരമായ സന്ദര്‍ശനത്തില്‍ ഈ സംഭവം കരിനിഴല്‍ വീഴ്ത്തിയെന്നും ഡട്ടണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഊഷ്മളമായ വരവേല്‍പ്പും വിരുന്നുമെല്ലാം കഴിഞ്ഞ് രാജാവിന്റെ പ്രസംഗം പൂര്‍ത്തിയായപ്പോഴാണ് സെനറ്റര്‍മാര്‍ക്കിടയില്‍ നിന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ ലിഡിയ മുദ്രാവാക്യം വിളിച്ചത്. ഇത് അവിടെ കൂടിയിരുന്നവരെയാകെ ഞെട്ടിച്ചിരുന്നു.
'ഇത് നിങ്ങളുടെ രാജ്യമല്ല, നിങ്ങളെന്റെ രാജാവല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യം തിരിച്ചുതരൂ, നിങ്ങള്‍ കൊള്ളയടിച്ചതെല്ലാം തിരിച്ചുതരൂ...' എന്നായിരുന്നു ഓസ്‌ട്രേലിയന്‍ ആദിമനിവാസികളുടെ പിന്തുടര്‍ച്ചക്കാരിയായ സെനറ്റര്‍ ലിഡിയ തോര്‍പ്പ് മുദ്രാവാക്യം വിളിച്ചത്.
രാജാവിനോട് മാത്രമല്ല, രാജാവിനെ കാണാന്‍ ഒത്തുകൂടിയ നിരവധി ഓസ്ട്രേലിയക്കാരോടും അനാദരവാണ് കാണിച്ചതെന്ന് സാമൂഹിക സേവന മന്ത്രി അമന്‍ഡ റിഷ്വര്‍ത്ത് പറഞ്ഞു.
പ്രതിഷേധത്തെ ആദിവാസി സമൂഹത്തിലെ ചില ആക്ടിവിസ്റ്റുകള്‍ ധീരമെന്ന് പുകഴ്ത്തിയപ്പോള്‍ മറ്റ് പ്രമുഖ ആദിവാസി നേതാക്കള്‍ ലജ്ജാകരവും അനാദരവുള്ളതുമാണെന്ന് അപലപിച്ചു. രാജാവിനെയും രാജ്ഞി കാമിലയെയും രാജ്യത്തേക്ക് ഔപചാരികമായി സ്വാഗതം ചെയ്തത് ആദിവാസി മൂപ്പയായ ആന്റി വയലറ്റ് ഷെറിഡന്‍ ആയിരുന്നു.
പാര്‍ലമെന്റ് സംഭവത്തിന് ശേഷം ' സണ്‍ഡേ പേപ്പർ എന്ന പ്രതിദ്ധീകരണത്തിന്റെ സഹ എഡിറ്ററായ മാറ്റ് ചുന്‍ സൃഷ്ടിച്ച ചാള്‍സ് രാജാവിന്റെ തല വെട്ടിമാറ്റുന്ന ഒരു കാര്‍ട്ടൂണ്‍ ലിഡിയ തോര്‍പ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തു. ഇത് വിവാദമായതിനെതുടര്‍ന്ന് അവര്‍ ഡിലീറ്റ് ചെയ്തു. തന്റെ അറിവില്ലാതെ അഡ്മിന്‍ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ലിഡിയ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.