വത്തിക്കാൻ സിറ്റി: ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയെ ആധാരമാക്കിയെഴുതിയ ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്' (അവിടുന്ന് നമ്മെ സ്നേഹിച്ചു) ഒക്ടോബർ 24 വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ലോകം വിവിധ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ മനുഷ്യൻ്റെ കാഴ്ചപ്പാടുകളിൽ വരുത്തേണ്ട മാറ്റങ്ങളിലേക്കാണ് ഈ ചാക്രികലേഖനത്തിലൂടെ പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്.
'ഹൃദയം നഷ്ടപ്പെട്ടു എന്നു തോന്നുന്ന' വിധമുള്ള ഒരു അവസ്ഥയിലാണ് ഇന്നത്തെ ലോകം. മനുഷ്യപ്രകൃതത്തിനുതന്നെ ഭീഷണിയായിത്തീർന്ന ചില സാങ്കേതികവിദ്യകൾ, യുദ്ധങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥകൾ, വ്യാപകമായ ഉപഭോഗസംസ്കാരം എന്നിവയാൽ ലോകം അത്യന്തം വ്രണിതമായിരിക്കുന്നു. ഈ സാഹചര്യത്തിൽ, ഏറ്റവും അത്യാവശ്യയത് യേശുവിന്റെ തിരു ഹൃദയം ആണെന്നും അത് വീണ്ടും കണ്ടെത്തണമെന്നുമാണ് ഈ രേഖയിലൂടെ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നത്.
ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ജൂൺ മാസത്തിലെ ഒരു പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഇപ്രകാരമുള്ള ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് മാർപാപ്പ പറഞ്ഞിരുന്നു. സഭാനവീകരണത്തിന്റെ പാതയെ പ്രകാശിപ്പിക്കുന്ന വിധത്തിൽ നമ്മുടെ കർത്താവിന്റെ സ്നേഹത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങളാകും അതിലുണ്ടാവുകയെന്ന് പാപ്പാ തദവസരത്തിൽ സൂചിപ്പിച്ചിരുന്നു. 'ദിലെക്സിത്ത് നോസ് - ഈശോമിശിഹായുടെ തിരുഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്നേഹത്തെക്കുറിച്ചുള്ള ചാക്രികലേഖനം' എന്നാണ് ലേഖനത്തിന്റെ പൂർണമായ തലക്കെട്ട്.
സഭയുടെ മുൻകാല പ്രബോധനങ്ങളും വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്പന്നമായ പാരമ്പര്യങ്ങളും ഈ ചാക്രികലേഖനത്തിൽ ഉൾപ്പെടുത്തുമെന്നും അതുവഴി തിരുഹൃദയത്തോടുള്ള തീക്ഷ്ണമായ ഭക്തിയിലൂടെ ആഴമായ ആത്മീയതയിലേക്ക് സഭയെ വീണ്ടും നയിക്കുക എന്നതാണ് തൻ്റെ ആഗ്രഹം എന്നും പാപ്പാ പറഞ്ഞിരുന്നു.
1673-ലെ തിരുഹൃദയ പ്രത്യക്ഷീകരണങ്ങൾ
വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് ഈശോയുടെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. 1673 ഡിസംബർ 27-നാണ് ഫ്രഞ്ച് വിസിറ്റേഷൻ സന്യാസിനിയായിരുന്ന മാർഗരറ്റിന് ഈശോ പ്രത്യക്ഷപ്പെട്ട്, പാപികളുടെ നേരെ തൻ്റെ ഹൃദയത്തിനുള്ള സ്നേഹത്തിന്റെ പ്രചാരകയാകണമെന്ന ദൗത്യം അവളെ ഭരമേൽപ്പിച്ചത്. ഫ്രാൻസിലെ പരേ -ലേ-മോണിയലിലുള്ള കോൺവെൻ്റിൽ പതിനേഴ് വർഷത്തോളം ഈ പ്രത്യക്ഷീകരണങ്ങൾ തുടർന്നു. സഹസന്യാസിനികൾ ഉൾപ്പെടെ പലരും തെറ്റിദ്ധരിച്ചെങ്കിലും ക്രിസ്തുവിന്റെ സ്നേഹം ലോകത്തിനു വെളിപ്പെടുത്താനുള്ള തൻ്റെ ദൗത്യത്തിൽ അവൾ ഉറച്ചുനിന്നു.
മാർപാപ്പമാരും തിരുഹൃദയഭക്തിയും
കാലക്രമേണ ക്ഷയിച്ചുപോയ തിരുഹൃദയഭക്തി പുനരുജ്ജീവിപ്പിക്കാൻ പന്ത്രണ്ടാം പീയൂസ് മാർപാപ്പ 1956-ൽ 'ഹൗറിയേത്തിസ് ആക്വാസ്' എന്ന ചാക്രികലേഖനം പുറത്തിറക്കി. ആധുനിക ലോകത്തിൽ രക്ഷയുടെ കൊടിയടയാളമായും സഭയുടെ ആവശ്യങ്ങൾക്കുള്ള ഉത്തരമായുമാണ് തിരുഹൃദയഭക്തിയെ അതിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
'ഹൗറിയേത്തിസ് ആക്വാസ്' ൻ്റെ 50-ാം വാർഷികത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു കത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും ഈ ഭക്തിയെ ഊട്ടിയുറപ്പിക്കുന്നുണ്ട്. 'ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്റെ ഈ രഹസ്യം കേവലം ഒരു ഭക്തിയുടെ വിഷയം മാത്രമല്ല പ്രത്യുത, ക്രിസ്തീയ ആധ്യാത്മികത മുഴുവൻ അതിൽ അടങ്ങിയിരിക്കുന്നു' - തിരുഹൃദയ ഭക്തിയെക്കുറിച്ച് ബെനഡിക്ട് മാർപാപ്പ ഇപ്രകാരമാണ് അതിൽ എഴുതിയിരിക്കുന്നത്.
തിരുഹൃദയത്തോടുള്ള ആഴമായ ഭക്തിയുടെ ആവശ്യം പ്രത്യേകിച്ച്, പൗരോഹിത്യ ശുശ്രൂഷയിൽ അതിന്റെ പ്രാധാന്യം, ഫ്രാൻസിസ് പാപ്പയും പലപ്പോഴും എടുത്തുപറഞ്ഞിട്ടുണ്ട്. കരുണയുടെ കേന്ദ്രമായ ക്രിസ്തുവിന്റെ ഹൃദയത്തെയാണ് പുരോഹിതർ അനുകരിക്കേണ്ടതെന്നും അകന്നുപോയവർക്കും നഷ്ടപ്പെട്ടവർക്കുംവേണ്ടി തിരയുന്ന നല്ല ഇടയന്റെ ഹൃദയമാണ് പുരോഹിതർക്ക് ഉണ്ടാകേണ്ടതെന്നും പാപ്പാ ആവർത്തിച്ചു പറയാറുണ്ട്.
ഫ്രാൻസിസ് പാപ്പയുടെ നാലാമത്തെ ചാക്രികലേഖനമാണ് 'ദിലെക്സിത്ത് നോസ്'. 2013-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുമായി ചേർന്ന് എഴുതിയ ലുമെൻ ഫിദെയി, ലൗദാത്തൊ സി (2015), ഫ്രതെല്ലി തൂത്തി (2020) എന്നിവയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇതര ചാക്രികലേഖനങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.