അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ പരിപൂർണമായി ദൈവത്തിൽ ശരണപ്പെടുക: പെര്‍ത്ത് ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ പരിപൂർണമായി ദൈവത്തിൽ ശരണപ്പെടുക: പെര്‍ത്ത്  ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

പെര്‍ത്ത്: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും ദൈവത്തില്‍ പരിപൂര്‍ണമായി ആശ്രയിക്കാനും ശരണപ്പെടാനും ദൈവമക്കള്‍ക്കു സാധിക്കണമെന്ന് പ്രമുഖ വചന പ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. പെര്‍ത്തില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ബൈബിളിലെ ഉല്‍പത്തി പുസ്തകത്തില്‍ വിവരിക്കുന്നതു പ്രകാരം ആദ്യ മനുഷ്യനായ ആദവുമായുള്ള ദൈവത്തിന്റെ ഉടമ്പടിയുടെ ഫലങ്ങള്‍ മനുഷ്യ സമൂഹം മുഴുവന്‍ അനുഭവിക്കാന്‍ ഈ പരിപൂര്‍ണ ദൈവാശ്രയ ബോധം എല്ലാവരും സ്വായത്തമാക്കണം. ദൈവം മനുഷ്യനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഒന്നാമത്തെ ഫലമാണ് ദൈവത്തിന്റെ മകനും മകളുമാകാന്‍ ഓരോ വ്യക്തിക്കും ലഭിച്ച മഹാ സൗഭാഗ്യം. ഭൂമിയുടെ മേലും സകല ശത്രുക്കളുടെ മേലും ആധിപത്യം നേടുന്നതാണ് രണ്ടാമത്തെ അനുഗ്രഹം. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും വിശുദ്ധമായ ബന്ധങ്ങള്‍ ഉണ്ടാകാനും അതു നിലനിര്‍ത്താനും സഹായിക്കുന്നതാണ് ദൈവം ആദാമുമായി ചെയ്ത ഉടമ്പടിയുടെ മൂന്നാമത്തെ ഫലം.


ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ നിന്ന്‌

നാലാമതായുള്ള ഫലം ഭൗതിക അനുഗ്രഹങ്ങളാണ്. സമ്പത്ത്, ആരോഗ്യം, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം, മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവ്, ജീവിതാന്തസ് എന്നിവ അനുഗ്രഹമായി ലഭിക്കുന്നു. തന്നെ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി അധ്വാനിക്കുന്ന ദൈവം മനുഷ്യനെ പരിപാലിക്കുന്ന അനുഭൂതിയിലൂടെ കടന്നു പോകാന്‍ ലഭിക്കുന്ന വിശ്രമമാണ് അഞ്ചാമത്തെ ഫലം. ഈ അഞ്ച് അനുഗ്രഹങ്ങളും പ്രാപിക്കാന്‍ അതിശക്തമായ ദൈവാനുഗ്രഹവും ദൈവാശ്രയ ബോധവും അനിവാര്യമാണെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വ്യക്തമാക്കി.

എപ്പോഴും നല്ല വാക്കുകള്‍ പറയുന്നത് ഒരു ശീലമാക്കി മാറ്റാന്‍ കഴിയണമെന്നും ഫാ. ഡാനിയേല്‍ അഭ്യര്‍ത്ഥിച്ചു. കാരണം മനുഷ്യന്‍ പറയുന്ന ഓരോ വ്യര്‍ത്ഥ വാക്കിനും വിധിദിവസത്തില്‍ കണക്കു കൊടുക്കേണ്ടി വരും എന്ന തിരുവചനം അദ്ദേഹം ഓര്‍മിപ്പിച്ചു. നാം പറയുന്നതു പോലെയാണ് നമുക്കു സംഭവിക്കുന്നത്. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന വചനവും അദ്ദേഹം പരാമര്‍ശിച്ചു.


ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും ഫാ. ബിബിന്‍ വേലംപറമ്പിലും

ജോബിന്റെ പുസ്തകം അഞ്ചാമത്തെ അധ്യായം ഇരുപത് മുതലുള്ള വാക്യങ്ങളും ഫാ. ഡാനിയേല്‍ വിശദീകരിച്ചു. 'ക്ഷാമകാലത്ത് മരണത്തില്‍ നിന്നും യുദ്ധകാലത്ത് വാളിന്റെ വായ്ത്തലയില്‍ നിന്നും അവിടുന്ന് നിന്നെ രക്ഷിക്കും. നാവിന്റെ ക്രൂരതയില്‍ നിന്നു നീ മറയ്ക്കപ്പെടും. നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല. നാശത്തെയും ക്ഷാമത്തെയും നീ പരിഹസിക്കും; വന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല' തുടങ്ങിയ വചനങ്ങള്‍ പങ്കുവെച്ചു.

വിശുദ്ധ പൗലോസ് ശ്ലീഹാ കൊറിന്തോസിലെ സഭയ്ക്ക് എഴുതിയ രണ്ടാമത്തെ ലേഖനത്തിലെ ഒന്‍പതാം അദ്ധ്യായം എട്ടാം വാക്യവും വിചിന്തനം ചെയ്തു. 'നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം'.



രണ്ടാം ദിനത്തില്‍ പെര്‍ത്ത് മിഡ്ലാന്‍ഡിലെ ലാ സാലെ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ ഒന്‍പത് മണിക്ക് ജപമാലയും തുടര്‍ന്ന് പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക വികാരി ഫാ. അനീഷ് ജെയിംസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു.

സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ ഒന്‍പതിന് ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ച് അഞ്ച് മണിയോടു കൂടി സമാപിക്കും.

ഫോട്ടോ: ബിജു പെര്‍ത്ത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26