തൂങ്കുഴി പിതാവ് മാനന്തവാടിയുടെ പിതാവ്

 തൂങ്കുഴി പിതാവ് മാനന്തവാടിയുടെ പിതാവ്

1973 മാര്‍ച്ച് 18 അന്ന് തലശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അവിസരണീയമായ ഒന്നാണ്. വിദ്യാഭ്യാസ വര്‍ഷം അവസാനിക്കുന്നതേയുള്ളു. ഞങ്ങളെല്ലാം പരീക്ഷകള്‍ക്ക് ശേഷം അവധിക്കു പോകാന്‍ ഒരുങ്ങുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് മാര്‍ച്ച് 18 ന് ഉച്ചകഴിഞ്ഞ് ഏകദേശം മൂന്ന് മണി സമയത്ത് തലശേരി മെത്രാനായിരുന്ന അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവ് സെമിനാരിയോട് ചേര്‍ന്നുള്ള കത്തീഡ്രല്‍ ദൈവാലയത്തിലെത്തിയതായി ഞങ്ങളെ വൈസ് റെക്ടറച്ചന്‍ അറിയിച്ചത്.

എന്തോ പ്രത്യേക കാര്യം അറിയിക്കാനാണ് എന്നാണ് പറഞ്ഞത്. സെമിനാരിയിലെ പള്‍സേറ്റര്‍ ആയിരുന്ന എന്നോട് അദേഹം പറഞ്ഞു വള്ളോപ്പിള്ളി പിതാവ് ഒരു പ്രത്യേക കാര്യം അവിടെ പ്രഖ്യാപിക്കും, അത് കഴിഞ്ഞാല്‍ ഉടനെ കത്തീഡ്രല്‍ പള്ളിയുടെ മണിമാളികയില്‍ കയറി മണി മുഴക്കണമെന്ന്. വള്ളോപ്പിള്ളി പിതാവ് തന്റെ കയ്യിലുണ്ടായിരുന്ന കടലാസില്‍ നിന്ന് വായിച്ചപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്, അത് മാനന്തവാടി രൂപത സ്ഥാപിച്ചുകൊണ്ടും ഞങ്ങളുടെ റെക്ടറായിരുന്ന ജേക്കബ് തൂങ്കുഴി അച്ചനെ പുതിയ രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചുകൊണ്ടും പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള അറിയിപ്പായിരുന്നെന്ന്.

അഭിവന്ദ്യ ജേക്കബ് തൂങ്കുഴിപ്പിതാവിന്റെ മെത്രാഭിഷേകം മെയ് ഒന്നിന് മാനന്തവാടി ബിഷപ്പ്‌സ് ഹൗസ് സ്ഥിതി ചെയ്യുന്ന കല്‍ക്കണ്ടിക്കുന്നിലായിരുന്നു. ഞങ്ങള്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. വയനാട്ടിലേക്കുള്ള യാത്ര ചുരത്തിന് താഴെ നിന്നുള്ള എന്നെപ്പോലുള്ളവര്‍ക്ക് ഒരു പുതുമയുമായിരുന്നു.

മൈനര്‍ സെമിനാരി പഠനം കഴിഞ്ഞ് ആലുവ കാര്‍മ്മല്‍ ഗിരി സെമിനാരിയിലേക്കാണ് തത്വശാസ്ത്ര പഠനത്തിന് ഞാന്‍ അയക്കപ്പെട്ടത്. അവിടെ രണ്ട് വര്‍ഷം കഴിയുന്ന സമയത്താണ് മാനന്തവാടിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞു കൊണ്ട് അഭിവന്ദ്യ തൂങ്കുഴിപ്പിതാവിന്റെ ഒരു കത്ത് കിട്ടിയത്. അതേത്തുടര്‍ന്ന് അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിന്റെ അനുവാദത്തോടെ ഞാന്‍ മാനന്തവാടിക്ക് ചേര്‍ന്ന് പഠനം തുടര്‍ന്നു. പിന്നീട് റോമില്‍ ദൈവശാസ്ത്രം പഠിക്കാന്‍ അവസരം തന്നതും പഠനാനന്തരം എന്റെ സ്വന്തം ഇടവകയായ മാലോത്ത് വച്ച് എന്നെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് നയിച്ചതും എല്ലാം തൂങ്കുഴിപ്പിതാവ് തന്നെയാണ്.

1973 ല്‍ തൂങ്കുഴിപ്പിതാവും ഞാനുമായി ആരംഭിച്ച ആത്മബന്ധം അദേഹത്തിന്റെ മരണം വരെ തുടര്‍ന്നു. ഏകദേശം ഒരു മാസം മുമ്പ് തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജിലാണ് അവസാനമായി ഞാന്‍ അദേഹത്തെ കണ്ടത്. സംസാരിക്കാന്‍ അദേഹത്തിന് കഴിയില്ലായിരുന്നെങ്കിലും ഞാന്‍ പറഞ്ഞ തമാശകള്‍ക്ക് അദേഹം സ്വതസിദ്ധമായ പുഞ്ചിരിയിലൂടെ പ്രത്യുത്തരിക്കുന്നുണ്ടായിരുന്നു. അദേഹത്തിനെ കണ്ട് ഞാന്‍ മടങ്ങി.


തൂങ്കുഴിപ്പിതാവ് മാനന്തവാടിയില്‍ നിന്ന് 1996 ല്‍ സ്ഥലം മാറിപ്പോകുന്നതുവരെ എന്റെ പൗരോഹിത്യ ശുശ്രുഷ നിര്‍വഹിച്ചത് ഏറിയ പങ്കും അദേഹത്തോടൊപ്പമാണ്. പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു അദേഹം എന്ന് ഞാന്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. ആ ദൈവാശ്രയ ബോധമാണ് അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനം.

സൗമ്യതയാണ് തൂങ്കുഴിപ്പിതാവിന്റെ മുഖമുദ്രയായി ഞാന്‍ കണ്ടിട്ടുള്ളത്. അദേഹം ആരോടും ദേഷ്യപ്പെടുകയോ കയര്‍ക്കുകയോ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ദേഷ്യം വരുമ്പോഴും അത് പ്രകടിപ്പിച്ചിരുന്നത് സൗമ്യമായി തന്നെയാണ്. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കൊടുത്തിരുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഒരാളെ ഒരു ഉത്തരവാദിത്വം ഏല്‍പിച്ചാല്‍ പിന്നെ അതെപ്പറ്റി നിരന്തരം അന്വേഷിച്ച് ശല്യപ്പെടുത്തുന്ന രീതി അദേഹത്തിനില്ലായിരുന്നു. അതുകൊണ്ട് തന്നെ ഏല്‍പിക്കപ്പെട്ടയാളിന്റ ഉത്തരവാദിത്വവും വലുതായിരുന്നു. അദേഹത്തിന്റെ ഈ പ്രത്യേകത എന്നെ വളരെയധികം വളര്‍ത്തി.

സഹ മെത്രാന്മാര്‍ എന്ത് പറയും എന്ന ചിന്തയൊന്നും കൂടാതെ നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ രൂപതയില്‍ തുടങ്ങന്‍ അദേഹം ധൈര്യം കാണിച്ചിരുന്നു. കേരളത്തിലെ ഒരു രൂപതയിലും തുടങ്ങാതിരുന്നിട്ടും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് സര്‍വസാധാരണമായ റീജന്‍സി പരിശീലനം അദേഹം ആരംഭിച്ചു. അതുപോലെ തന്നെ റോമിലെ ഉര്‍ബാനോ കോളജില്‍ പഠനത്തിനായി വൈദിക വിദ്യാര്‍ത്ഥികളെ പറഞ്ഞയക്കാന്‍ മറ്റ് മെത്രാന്മാര്‍ മടി കാണിച്ചപ്പോഴും അദേഹം അതിന് ധൈര്യം കാണിച്ചു. അങ്ങനെയാണ് എനിക്കും റോമില്‍ പഠിക്കാന്‍ അവസരം കിട്ടിയത്.

മാനന്തവാടി രൂപതയില്‍ ഇന്ന് കാണുന്ന ഒട്ടുമിക്ക അടിസ്ഥാന സൗകര്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ആരംഭ ശില്പി അഭിവന്ദ്യ തൂങ്കുഴിപ്പിതാവാണ്. ഞാനുള്‍പ്പെടെ പിന്നീട് വന്നവര്‍ അതിന്മേല്‍ കെട്ടിപ്പെടുക്കുകയാണ് ചെയ്തത്. ഈ ഭൂമിയിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തന്റെ ദേശാന്തര വാസക്കാലം ഒരു നൂറ്റാണ്ട് തികയുന്നതിന് അല്‍പം മാത്രം ബാക്കിനില്‍ക്കെ അദേഹം തന്റെ നിത്യവസതിയിലേക്ക് യാത്രയായിരിക്കുന്നു. ഇത്തരുണത്തില്‍ മാനന്തവാടി രൂപതാംഗങ്ങള്‍ അദേഹത്തെ നന്ദിയോടെ സ്മരിക്കുകയും അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.