കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കിയതെങ്കിലും ഇന്ന് വൈകുന്നേരം അഞ്ച് വരെ മാത്രമാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കസ്റ്റഡി അനുവദിച്ചത്.
ഇതേ തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിനായി എസിപി ഓഫീസിലേക്ക് കൊണ്ടു പോയി. അറസ്റ്റിലായ അന്ന് പൊലീസ് ദിവ്യയെ ചോദ്യം ചെയ്‌തെങ്കിലും പല കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ഇതില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. കോടതിക്ക് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ദിവ്യ പ്രതികരിച്ചില്ല.
അതിനിടെ ദിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതി പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിയുന്നത്.
റിമാന്‍ഡ് തടവുകാരിയായതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളൊന്നും സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്ന വനിതാ ജയിലിലില്ല. രണ്ട് ബ്ലോക്കുകളാണ് വനിതാ ജയിലിനുള്ളത്. ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. ഇത് പുതിയ കെട്ടിടമായതിനാല്‍ മികച്ച സൗകര്യങ്ങളുണ്ട്. സെല്‍ മുറിയില്‍ ഒറ്റയ്ക്കാണ് ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.