തിരുവനന്തപുരം: മുനമ്പത്തെ 614 കുടുംബങ്ങള്‍ താമസിക്കുന്ന 116 ഏക്കര്‍ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍.
ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓണ്‍ലൈന്‍ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനും വഖഫ് ബോര്‍ഡ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുക്കും.
നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലാകും ചര്‍ച്ച. കോടതിയില്‍ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം പ്രശ്‌നപരിഹാരത്തിന് സര്‍വകക്ഷി യോഗം വിളിക്കണം എന്ന്് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് വി.ഡി സതീശന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.
വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ നഷ്ടമായത്. മുനമ്പം പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുനമ്പം സമരം മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.
മുനമ്പം ഭൂമി പ്രശ്‌നം സാമുദായിക പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിന് മുന്‍പേ നിയമപരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.