പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാലക്കാട് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി.
പാലക്കാട്ടെ ഹോട്ടലിലെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, എന്താണ് സംഭവിച്ചത് എന്നതടക്കം റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിനെ തള്ളി സിപിഎം. പാലക്കാട് ഹോട്ടലിലെ പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമാണെന്ന പി. സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാട് അല്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു.
മുന്‍കാല അനുഭവങ്ങളുടെ പുറത്ത്, അവരെന്തെല്ലാം കള്ളക്കളി നടത്തുമെന്ന് അറിയാവുന്നയാളാണ് സരിന്‍. ഏതു തരംതാണ പണിയും ചെയ്യാന്‍ മടിയില്ലാത്തവരാണ് ഷാഫിയും കൂട്ടരും. ഷാഫിയുടെ എല്ലാ കള്ളക്കളികളും അറിയാവുന്നതിനാലാകും സരിന്‍ അങ്ങനെ പറഞ്ഞതെന്നും സുരേഷ് ബാബു പറഞ്ഞു.
പെട്ടിയില്‍ മണിയല്ല തുണിയാണെന്ന കള്ള പ്രചാരണമൊക്കെ കോണ്‍ഗ്രസുകാര്‍ നടത്തും. അതിന് അപാര ബുദ്ധിയുള്ളവരാണ് ഷാഫിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമെല്ലാം.
അവിടെ കള്ളപ്പണം എത്തിയെന്നാണ് സിപിഎം പറയുന്നത്. അത് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പാര്‍ട്ടിയുടെ കയ്യില്‍ തെളിവുണ്ടെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്നാണ് സരിന്‍ അഭിപ്രായപ്പെട്ടത്. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണം. ബിജെപി-സിപിഎം ബന്ധം ആരോപിക്കാന്‍ ബോധപൂര്‍വം പ്ലാറ്റ്‌ഫോം ഉണ്ടാക്കിയോ എന്ന് അന്വേഷിക്കണം.
പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നത്. കേസ് കേവലം ഒരു വ്യക്തിയില്‍ ഒതുങ്ങരുത്. സംഭവത്തില്‍ ഇപ്പോഴും ഇരുട്ടത്ത് നില്‍ക്കുന്നവര്‍ ആരെന്ന് കണ്ടുപിടിക്കണം. ഇവര്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും സരിന്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.