ജനനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ വര്‍ഗീയ വാദമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരം: ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

ജനനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ വര്‍ഗീയ വാദമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരം: ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

കൊച്ചി: ജനകീയ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ക്രൈസ്തവ പുരോഹിതരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും നൂറ്റാണ്ടുകളായി ക്രൈസ്തവ സേവനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരുമാണെന്ന് മറക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി തന്നെ ക്രൈസ്തവ പുരോഹിതരെ വര്‍ഗീയ വാദികളായി ചിത്രീകരിക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്ന് കേരളത്തിലെ ക്രൈസ്തവര്‍ക്ക് എങ്ങനെ നീതി ലഭിക്കും? മന്ത്രിസ്ഥാനത്തിരിക്കുന്ന ജനപ്രതിനിധികള്‍ക്ക് എന്തും വിളിച്ച് പറയാവുന്ന സ്ഥിതിവിശേഷം സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ വിരുദ്ധവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.

മുനമ്പം വിഷയത്തില്‍ മാത്രമല്ല കേരളത്തിലെ തീരദേശ മലയോര മേഖലയിലെ ജനകീയ പ്രശ്നങ്ങളിലെല്ലാം ക്രൈസ്തവ പുരോഹിതര്‍ മുന്നോട്ടിറങ്ങി പോരാടിയത് പൊതുസമൂഹത്തിനൊന്നാകെ നീതി ലഭിക്കാനാണ്. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, വന്യജീവി അക്രമണം, ജനങ്ങളെ കുടിയിറക്കുന്ന പരിസ്ഥിതിലോല വിഷയങ്ങള്‍, ബഫര്‍സോണ്‍ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളില്‍ ക്രൈസ്തവസഭയിലെ പിതാക്കന്മാരും വൈദികരും ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് വര്‍ഗീയത സൃഷ്ടിക്കാനോ ക്രിസ്ത്യാനികള്‍ക്ക് മാത്രമായി എന്തെങ്കിലും നേടിയെടുക്കാനോ അല്ലെന്നുള്ളത് പൊതുസമൂഹത്തിനറിയാമെന്നും അദേഹം വ്യക്തമാക്കി.

എന്നിട്ടും ഭരണത്തിലിരിക്കുന്നവരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളുമിത് തിരിച്ചറിയാത്തത് ഏറെ ദുഖകരമാണ്. ക്രൈസ്തവ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങള്‍ സകലജനങ്ങള്‍ക്കും ആശ്രയമായ സേവന മേഖലയായിരിക്കുമ്പോള്‍ വൈദികരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണ്.

ഉത്തരവാദിത്വപ്പെട്ട മന്ത്രിസ്ഥാനം എന്തും പറയാനുള്ള ലൈസന്‍സായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കാണരുത്. ജനാധിപത്യ ഭാരതത്തില്‍ അഞ്ച് കോടിയിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. ക്രൈസ്തവസഭയും പുരോഹിതരും വര്‍ഗീയ വാദികളായിരുന്നെങ്കില്‍ ഇന്ത്യ എത്രയോകാലം മുമ്പേ ക്രൈസ്തവ രാജ്യമാകുമായിരുന്നു. വര്‍ഗീയവാദം ഉയര്‍ത്തി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് നേട്ടവും പൊതുസമൂഹത്തില്‍ ഭിന്നിപ്പും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത് ആരെന്ന് തിരിച്ചറിയാനുള്ള അറിവും ആര്‍ജ്ജവവും ഇന്നത്തെ പൊതുസമൂഹത്തിനുണ്ട്.

വര്‍ഗീയത ആരോപിച്ച് ക്രൈസ്തവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നവരുടെ സ്വന്തം നെഞ്ചിലേയ്ക്കാണ് മറ്റ് മൂന്ന് വിരലുകളെന്നും ഓര്‍മ്മിക്കണം. നാട് ഭരിക്കുന്നവര്‍ തന്നെ നിരുത്തരവാദപരമായ പ്രസ്താവനങ്ങള്‍ നടത്തി സമൂഹത്തില്‍ വര്‍ഗീയ വിഷം ചീറ്റുന്നതും ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്നതും നിര്‍ഭാഗ്യകരമാണെന്നും ജനകീയ സമരങ്ങളെയും ജീവനും ജീവിതത്തിനും നിലനില്‍പിനുമുള്ള പോരാട്ടങ്ങളെയും അതിന്റേതായ രീതിയില്‍ കണ്ട് ഭരണത്തിലിരിക്കുന്നവര്‍ തിരുത്തലുകള്‍ നടത്തുകയും രാഷ്ട്രീയ മത വര്‍ഗീയതയ്ക്ക് അതീതമായി പൊതുസമൂഹത്തെ ഒറ്റക്കെട്ടായി ചേര്‍ത്തുനിര്‍ത്തി പ്രശ്നപരിഹാരം കാണുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടതെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.