'സീപ്ലെയിന്‍ കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരെന്ന് കെ.സുധാകരന്‍; 11 കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയെന്ന് കെ.മുരളീധരന്‍

'സീപ്ലെയിന്‍ കൊണ്ടുവന്നത്  യുഡിഎഫ് സര്‍ക്കാരെന്ന് കെ.സുധാകരന്‍; 11 കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയെന്ന് കെ.മുരളീധരന്‍

കൊച്ചി: സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ ഒരു വികസന പദ്ധതി എടുത്തുപറയാന്‍ സാധിക്കുമോ എന്നും സുധാകരന്‍ ചോദിച്ചു.

'കേരളത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ എന്തുമാറ്റം വന്നു? സീപ്ലെയിന്‍ 2013 ല്‍ ഞങ്ങള്‍ കൊണ്ടു വന്നതാണ്. അന്ന് ഈ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങിയപ്പോള്‍ കുറ്റവും കുറവും പറഞ്ഞവര്‍ ഇപ്പോള്‍ അതുതന്നെ നടപ്പാക്കുന്നു'- സുധാകരന്‍ പറഞ്ഞു.

സീപ്ലെയിന്‍ ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു.

അന്ന് പദ്ധതി തടസപ്പെടുത്താന്‍ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ല. അന്ന് തടസപ്പെടുത്തിയവര്‍ തന്നെ ഇപ്പോഴത് നടപ്പാക്കുന്നു. എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു.11 കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയായിരുന്നു ഇതെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് ഭരിക്കുമ്പോള്‍ ഒരു നയം എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മറ്റൊരു നയം. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഇത് ശരിയല്ല.പദ്ധതി ഇത്രയും വൈകിച്ചതിന് പിണറായി വിജയന്‍ ക്ഷമ ചോദിക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.