'ഇതേത് ജില്ല'? അന്റാര്‍ട്ടിക്കയില്‍ നിന്ന് 3,500 കിലോമീറ്റര്‍ വഴിതെറ്റി സഞ്ചരിച്ച് എംപറര്‍ പെന്‍ഗ്വിന്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെത്തി

'ഇതേത് ജില്ല'? അന്റാര്‍ട്ടിക്കയില്‍ നിന്ന് 3,500 കിലോമീറ്റര്‍ വഴിതെറ്റി സഞ്ചരിച്ച് എംപറര്‍ പെന്‍ഗ്വിന്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെത്തി

സിഡ്‌നി: അന്റാര്‍ട്ടിക്കയില്‍ നിന്ന് 3500-ലധികം കിലോമീറ്റര്‍ സഞ്ചരിച്ച് ഓസ്‌ട്രേലിയന്‍ കടല്‍ തീരത്ത് എത്തിയ എംപറര്‍ പെന്‍ഗ്വിന്‍ കാഴ്ച്ചക്കാര്‍ക്ക് കൗതുകമായി. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഡെന്‍മാര്‍ക്ക് പട്ടണത്തിലെ ഓഷ്യന്‍ ബീച്ചിലാണ് കഴിഞ്ഞ ദിവസം കടല്‍ പക്ഷിയേക്കാള്‍ വലുപ്പമുള്ള എംപറര്‍ പെന്‍ഗ്വിനെ കണ്ടെത്തിയത്.

തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയില്‍ നിന്ന് 3540 കിലോമീറ്ററിലിധികം വടക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഓഷ്യന്‍ ബീച്ച്. ഇത്രയും ദൂരം പെന്‍ഗ്വിന്‍ എങ്ങനെ സഞ്ചരിച്ചു എന്നത് ശാസ്ത്രജ്ഞരെ പോലും അതിശയിപ്പിക്കുകയാണ്. സമുദ്രത്തിലൂടെ ഭക്ഷണം തേടിപ്പോകുന്നതിനിടയില്‍ ജലപ്രവാഹത്തിന്റെ ദിശ മാറിയതിനാലാവാം പെന്‍ഗ്വിന്‍ ഇത്രയും ദൂരം സഞ്ചരിച്ചെത്തിയതെന്നാണ് ഗവേഷകരുടെ അനുമാനം. നിലവില്‍ പോഷകാഹാരക്കുറവുള്ള പെന്‍ഗ്വിന്‍ വന്യജീവി പരിപാലന കേന്ദ്രത്തിലാണുള്ളത്. പുനരധിവാസത്തിന് ഇനിയും ദിവസങ്ങളെടുക്കും.

എംപറര്‍ പെന്‍ഗ്വിനുകള്‍ ലോകത്തെ ഏറ്റവും വലിയ പെന്‍ഗ്വിന്‍ ഇനമാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഇവയുടെ ആവാസവ്യവസ്ഥ അപകടത്തിലാണ്. മഞ്ഞുരുകുന്നത് ഇവയുടെ അതിജീവനത്തെ ബാധിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26