ചട്ടം ലംഘിച്ചെന്ന് ആരോപണം: വാര്‍ത്താ സമ്മേളനം നടത്തിയ അന്‍വറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ചട്ടം ലംഘിച്ചെന്ന് ആരോപണം:  വാര്‍ത്താ സമ്മേളനം നടത്തിയ അന്‍വറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ചേലക്കര: പി.വി അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താ സമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്‍വറിന് നോട്ടീസ് നല്‍കി. അന്‍വറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് അന്‍വറിന്റെ വാദം. പറയാനുള്ളത് പറയുമെന്നും അദേഹം വ്യക്തമാക്കി.

'തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല. രാവിലെ തന്നെ പോലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല.

ഞങ്ങളെ സംബന്ധിച്ച് ഇവിടെ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ കുറവാണ് എന്നത് വസ്തുതയാണ്. 98 എംഎല്‍എമാരും മുഖ്യമന്ത്രിയും ഒരു ഭാഗത്ത്. പ്രതിപക്ഷനേതാവും 40 എംഎല്‍എമാരും മറുഭാഗത്ത്. സുരേഷ് ഗോപിയും കേന്ദ്ര മന്ത്രിമാരും വേറൊരു ഭാഗത്ത്.

ഇവരെല്ലാരുംകൂടെ വായ്പോയ കോടാലിക്ക് വേണ്ടി ഏറ്റുമുട്ടുകയാണ്. ഞങ്ങള്‍ ഈ ദിവസവും ഉപയോഗപ്പെടുത്തും. ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. ഭയപ്പെടുത്തിയിട്ടൊന്നും കാര്യമില്ല. ഇരുപതിലധികം കേസുകള്‍ ഇതിനോടകം എടുത്തു കഴിഞ്ഞു. രണ്ട് കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് ഇന്ന് വന്നത്.

ഇപ്പോഴിതാ 25 ലക്ഷം ചെറുതുരുത്തില്‍ നിന്ന് പിടിച്ചിട്ടുണ്ട്. ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്. മരുമകനല്ലേ. അവിടെ നിന്നല്ലേ ഈ പണം മുഴുന്‍ ഒഴുകുന്നത്. ആര്‍ക്കുവേണ്ടി കൊണ്ടുവന്ന പണമാണിത്. കോളനികളില്‍ അവര്‍ സ്ലിപ്പ് കൊടുക്കുന്നത് കവറിലാണ്. ആ കവറിനുള്ളില്‍ പണമാണ്. ഇടതുമുന്നണി തന്നെയാണ് പണം കൊടുക്കുന്നത്. ആ നിലയിലേക്ക് അവരെത്തി'- അന്‍വര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.