വിധിയെഴുത്ത് ഇന്ന്; വയനാടും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു

വിധിയെഴുത്ത് ഇന്ന്; വയനാടും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു

കോഴിക്കോട്: ദിവസങ്ങള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണുള്ളത്.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഇന്നലെ തന്നെ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ ചൂരല്‍മലയിലും 11-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തമേഖലയില്‍ നിന്ന് വിവിധ താല്‍കാലിക പുനരധിവാസ മേഖലയില്‍ താമസിക്കുന്നവര്‍ക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ പ്രത്യേക സൗജന്യ വാഹന സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണ് ഉള്ളത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്, ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴില്‍ വകുപ്പ് നല്‍കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, എന്‍.പി.ആര്‍. സ്മാര്‍ട്ട് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എല്‍.എ. അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/ പി.എസ്.യു, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

പാലക്കാട് ഉപതിരഞ്ഞെടുപ്പും ഇന്നാണ് നടക്കേണ്ടിയിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് ഈ മാസം 20 ലേയ്ക്ക് മാറ്റിയിരുന്നു. 23 നാണ് മൂന്ന് മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.