ഇംഫാൽ : മണിപ്പൂരില്‍ വീണ്ടും സ്ഥിതി വഷളാകുന്നു. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ആറ് വീടുകളും അഗ്നിക്കിരയാക്കി. കുക്കി അവാന്തരവിഭാഗമായ മാർ ഗോത്രങ്ങളുടെ പള്ളികളാണ് ഇവ. ഐസിഐ ചർച്ച്, സാൽവേഷൻ ആർമി പള്ളി, ഇഎഫ്സിഐ പള്ളി തുടങ്ങിയവ ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ വീടിന് നേരെയടക്കം ആക്രമണമുണ്ടായതായണ് റിപ്പോര്‍ട്ടുകള്‍. ബിരേൻ സിങ്ങിന്‍റെ മരുമകൻ ഉൾപ്പെടെ മൂന്ന് നിയമസഭാംഗങ്ങളുടെ വീടുകൾ പ്രതിഷേധക്കാര്‍ കൊള്ളയടിച്ചു. ഇവരുടെ സ്വത്തുക്കൾ തീയിട്ട് നശിപ്പിച്ചു.
അക്രമ സംഭവങ്ങള്‍ വ്യാപകമായതിനാല്‍ ഇംഫാൽ താഴ്‌വരയിലെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ബിഷ്‌ണുപൂർ, തൗബൽ, കച്ചിംഗ് ജില്ലകളിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങൾ സംസ്ഥാന ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഒരു വർഷമായി മണിപ്പൂരിൽ സമാധാനം മടക്കി കൊണ്ടുവരാൻ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേ സമയം മണിപ്പുരിൽ സമാധാനം വീണ്ടെടുക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രധാന കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. കിംവദന്തികളിൽ വിശ്വസിക്കാതെ, സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.