'വിദേശ ആസ്തിയും വരുമാനവും വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം പിഴ': നികുതി ദായകര്‍ക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്

'വിദേശ ആസ്തിയും വരുമാനവും വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം പിഴ': നികുതി ദായകര്‍ക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണില്‍ (ഐ.ടി.ആര്‍) വിദേശത്തുള്ള സ്വത്തുക്കളും വിദേശത്ത് നിന്ന് സമ്പാദിച്ച വരുമാനവും വെളിപ്പെടുത്തിയില്ലെങ്കില്‍ കള്ളപ്പണ വിരുദ്ധ നിയമ പ്രകാരം 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് നികുതി ദായകര്‍ക്ക് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്.

2024-25 വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ അത്തരം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ശനിയാഴ്ച ആരംഭിച്ച അവബോധ ക്യാമ്പയ്‌നിന്റെ ഭാഗമായി വകുപ്പ് പൊതു നിര്‍ദേശം പുറപ്പെടുവിച്ചു.

ഐ.ടി.ആര്‍ ഷെഡ്യൂളില്‍ ഇന്ത്യയിലെ നികുതി ദായകരുടെ വിദേശ ആസ്തിയില്‍ ബാങ്ക് അക്കൗണ്ടുകള്‍, ക്യാഷ് വാല്യു ഇന്‍ഷുറന്‍സ് കരാര്‍ അല്ലെങ്കില്‍ ആന്വിറ്റി കരാര്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള സാമ്പത്തിക താല്‍പര്യം, സ്ഥാവര സ്വത്ത്, കസ്റ്റോഡിയല്‍ അക്കൗണ്ട്, ഇക്വിറ്റി, ഡെറ്റ് പലിശ, ട്രസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ മാനദണ്ഡത്തിന് കീഴിലുള്ള നികുതി ദായകര്‍ അവരുടെ ഐ.ടി.ആറില്‍ വിദേശ ആസ്തി അല്ലെങ്കില്‍ വിദേശ വരുമാനം (എഫ്.എസ്.ഐ) നിര്‍ബന്ധമായും പൂരിപ്പിക്കണമെന്ന് വകുപ്പ് അധികൃതര്‍ പറഞ്ഞു. വിദേശ ആസ്തി/വരുമാനം വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്ന പക്ഷം 'കള്ളപ്പണം നികുതി നിയമം 2015' പ്രകാരം 10 ലക്ഷം രൂപ പിഴ ഈടാക്കാമെന്നും നിര്‍ദേശമുണ്ട്.

ക്യാമ്പയ്‌നിന്റെ ഭാഗമായി 2024-25 വര്‍ഷത്തേക്ക് ഐ.ടി.ആര്‍ ഫയല്‍ ചെയ്ത നികുതി ദായകര്‍ക്ക് അതറിയിക്കുന്ന എസ്.എം.എസും ഇ-മെയിലും അയക്കുമെന്ന് നികുതി വകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബോഡിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു.

സമര്‍പ്പിക്കപ്പെട്ട ഐ.ടി.ആര്‍ ഷെഡ്യൂളില്‍ വിദേശ ആസ്തികള്‍ പ്രത്യേകിച്ച് ഉയര്‍ന്ന മൂല്യമുള്ള വിദേശ ആസ്തികള്‍ ഉള്‍പ്പെടുന്ന കേസുകളില്‍, അത് പൂര്‍ണമായി പൂര്‍ത്തിയാക്കാത്തവരെ ഓര്‍മിപ്പിക്കുകയും പ്രേരിപ്പിക്കുകയുമാണ് ക്യാമ്പയ്‌നിന്റെ ഉദ്ദേശ്യം. വൈകിയതും പുതുക്കിയതുമായ ഐ.ടി.ആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.