മണിപ്പൂരിലെ വംശീയ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു; ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ എന്‍പിപി പിന്‍വലിച്ചു

മണിപ്പൂരിലെ വംശീയ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു; ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ എന്‍പിപി പിന്‍വലിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി (എന്‍പിപി) പിന്‍വലിച്ചു. ഏഴ് എംഎല്‍എമാരാണ് എന്‍പിപിക്ക് ഉള്ളത്.

സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി പിന്തുണ പിന്‍വലിച്ചത്.

മണിപ്പൂരിലെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനസ്ഥാപിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് അയച്ച കത്തില്‍ എന്‍പിപി ആരോപിച്ചു.

എന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാല്‍ സര്‍ക്കാറിന് ഭീഷണിയില്ല. അറുപതംഗ നിയമസഭയില്‍ ബിജെപിക്ക് 37 സീറ്റുകള്‍ ഉണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതല യോഗം ചേര്‍ന്നു. നാളെ വൈകുന്നേരം വീണ്ടും യോഗം ചേരും.

മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെയും എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്ത രമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരം സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ മണിപ്പൂരിലെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.