മുംബൈ: ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മൂന്ന് ആഴ്ചത്തേക്കാണ് ജാമ്യം. കേസ് ജസ്റ്റിസ് പി ഡി നായിക്കിന്റെ ബെഞ്ച് ആണ് വാദം കേട്ടത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നികിത ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍കിറ്റ് ഷെയര്‍ ചെയ്‌തെന്ന കേസിലാണ് മുംബൈയില്‍ അഭിഭാഷകയായ നികിതയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നികിത ജേക്കബിനും ശന്തനുവിനും പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്ഥാന്‍ സംഘടനയുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് നേരത്തെ ആരോപിച്ചിരുന്നു. ഇതേ വാദമാണ് പൊലീസ് കോടതിയിലും ആവര്‍ത്തിച്ചത്.
എന്നാൽ ആക്രമണം ഉണ്ടാക്കാനുള്ള ഉദ്ദേശ്യം നികിതയ്ക്കില്ലെന്നും മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. നികിതയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇരുപത്തി അയ്യായിരം രൂപയുടെ വ്യക്തിഗത ജാമ്യത്തിലും തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യത്തിലും വിട്ടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യം നല്‍കുന്നതിനെതിരെ ഡല്‍ഹി പൊലീസ് ഉയര്‍ത്തിയ വാദഗതികള്‍ തള്ളിയാണ് നടപടി. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻകൂർ ജാമ്യ ഹര്‍ജി പരിഗണിക്കാനുള്ള അധികാരം മുംബൈ കോടതിക്കില്ലെന്ന വാദവും തള്ളി.
ടൂള്‍ കിറ്റില്‍ കര്‍ഷകസമരത്തെ പിന്തുണയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഇല്ലെന്നും നികിതയുടെ അഭിഭാഷകന്‍ മിഹിര്‍ ദേശായ് ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള യാതൊന്നും ടൂള്‍ കിറ്റിലില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഖലിസ്ഥാന്‍ പ്രസ്ഥാനവുമായി നികിത ജേക്കബിന് ബന്ധമുണ്ടെന്ന ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍ തമാശയായി മാത്രമേ കാണാനാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് നികിതയെന്നും പരിസ്ഥിതി കാര്യങ്ങളില്‍ താത്പര്യമുണ്ടെന്നതൊഴിച്ചാല്‍ അവര്‍ക്ക് മറ്റൊരു പ്രസ്ഥാനവുമായും ബന്ധമില്ലെന്നും മിഹിര്‍ ദേശായി വ്യക്തമാക്കി.
നേരത്തെ ബീഡിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ശാന്തനു മുലുകിന് അറസ്റ്റില്‍ നിന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇടക്കാല സംരക്ഷണം നല്‍കി. പത്തുദിവസത്തെ സംരക്ഷണമാണ് കോടതി നല്‍കിയത്. അതിനിടയില്‍ ശാന്തനുവിന് മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി കോടതിയെ സമീപിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.