മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍; എക്യുമെനിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അരുവിത്തുറ പള്ളിയില്‍ ആചരിച്ചു

മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍; എക്യുമെനിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അരുവിത്തുറ പള്ളിയില്‍ ആചരിച്ചു

അരുവിത്തുറ: സീറോമലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓര്‍മ്മ തിരുനാള്‍ അരുവിത്തുറ മാര്‍ ഗീവര്‍ഗീസ് സഹദാ ഫൊറോനാ പള്ളിയില്‍ കൊണ്ടാടി. തിരുനാളിന്റെ ഭാഗമായി നവംബര്‍ 20 ബുധനാഴ്ച വൈകുന്നേരം ആറിന് പുറത്ത് നമസ്‌കാരവും വിവിധ സഭകളിലെ മേലധ്യക്ഷന്മാരുടെ സന്ദേശങ്ങളുമായി നടത്തപ്പെട്ട തിരുനാള്‍ ആചരണം വേറിട്ടതും നവ്യവുമായ ഒരു അനുഭവമായിരുന്നു.

ഒന്നാം നൂറ്റാണ്ടിലെ ഭാരതീയര്‍ ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷം അവന്റെ ശ്ലീഹന്മാരില്‍ ഒരാളായ മാര്‍ തോമാശ്ലീഹായില്‍ നിന്ന് നേരിട്ട് സ്വീകരിച്ചതും നാളിതുവരെ തലമുറകളായി കാത്തുസൂക്ഷിക്കുന്നതും ദൈവത്തിന്റെ വലിയ അനുഗ്രഹമായി അനുഭവപ്പെടുന്നു. മലങ്കര യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധ്യക്ഷനുമായ ബിഷപ് ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, ക്‌നാനായ യാക്കോബായ സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ്, കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും സീറോ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന അധ്യക്ഷനുമായ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത, സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത അധ്യക്ഷനുമായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ എക്യുമെനിക്കല്‍ റംശാ നമസ്‌കാരത്തില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

റംശാ നമസ്‌കാരത്തില്‍ സുറിയാനി ഭാഷയും സംഗീതവും ഉപയോഗിച്ചത് മാര്‍ത്തോമാ ശ്ലീഹായുടെ കാലത്തിന്റെയും യഹൂദരുടെയും സുറിയാനി സഭകളുടെ പൊതു പൈതൃകത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍ ആയി മാറി. മാര്‍ത്തോമാ ശ്ലീഹാ ഒന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യയിലും വിശാല ഇന്ത്യയിലും ഈശോയിലൂടെയുള്ള രക്ഷയുടെ സദ്‌വാര്‍ത്ത അറിയിച്ചത് നിസ്തര്‍ക്കം ആയ കാര്യമാണെന്ന് ബിഷപ്പ് ഡോക്ടര്‍ തോമസ് മാര്‍ തിമോത്തിയോസ് എടുത്ത് പറഞ്ഞു.

സഭകള്‍ തമ്മില്‍ ഒന്നിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കുറിയാക്കോസ് മാര്‍ സേവേറിയോസ് അഭിപ്രായപ്പെട്ടു. മാര്‍ത്തോമാ ശ്ലീഹായുടെ മിശിഹാനുഭവം ശ്ലീഹായില്‍ നിന്ന് നേരിട്ട് കൈമാറി കിട്ടിയത് അല്‍പം പോലും കുറയാതെയും കൈമോശം വരാതെയും നമ്മുടെ തലമുറയില്‍ കാത്തുസൂക്ഷിച്ച് അടുത്ത തലമുറയിലേക്ക് കൈമാറണമെന്ന് ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് പ്രബോധിപ്പിച്ചു.

മാര്‍ത്തോമാ ശ്ലീഹായുടെ പ്രേഷിത യാത്രകളെക്കുറിച്ചും സ്ഥലങ്ങളെ കുറിച്ചും ആദ്യ നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസ സ്വീകരിച്ച ജനവിഭാഗങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശദീകരിച്ചു. അരുവിത്തുറ മാര്‍ ഗീവര്‍ഗീസ് സഹദാ ഫൊറോനാപള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ സ്വാഗതം പറഞ്ഞ മാര്‍ത്തോമാ നസ്രാണി സമുദായ കൂട്ടായ്മയ്ക്ക് സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍ നന്ദി അര്‍പ്പിച്ചു.

തിരുനാള്‍ ആചരണങ്ങളും പാരമ്പര്യങ്ങളും വിശ്വാസ കൈമാറ്റത്തിന്റെ പ്രധാന മാര്‍ഗങ്ങളാണ്. മലങ്കരയിലെ സുറിയാനി സഭകള്‍ തമ്മിലുള്ള സഭൈക്യ പ്രവര്‍ത്തനങ്ങള്‍ യൂറോപ്പിലെ പാശ്ചാത്യ സഭകള്‍ തമ്മിലുള്ള എക്യുമെനിസം പോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്നും സഭകള്‍ തമ്മില്‍ പരസ്പരം ബഹുമാനിക്കുന്ന സമീപനങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും കൂടുതല്‍ വളര്‍ത്തിയെടുക്കണമെന്നും പിതാക്കന്മാര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ എല്ലാ എപ്പിസ്‌കോപ്പല്‍ സഭകളില്‍ നിന്നായി വളരെ ദൂരെ നിന്നു പോലും വിശ്വാസി പ്രതിനിധികള്‍ പങ്കെടുത്തത് തിരുന്നാളിന്റെയും അരുവിത്തുറയുടെയും പ്രസക്തി വെളിവാക്കുന്നു. അടുത്തടുത്തുള്ള എക്യുമെനിക്കല്‍ കൂടിവരവുകള്‍ വിശ്വാസികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും സഭാ നവീകരണത്തിനും സമുദായ ശാക്തീകരണത്തിനും ഇടയാക്കുമെന്നും രാഷ്ട്ര നിര്‍മ്മിതിയിലുള്ള ക്രൈസ്തവരുടെ നാളിതുവരെയുള്ള ശ്രമങ്ങളെ കൂടുതല്‍ ബലപ്പെടുത്തുമെന്നും തിരുനാള്‍ ദിന സന്ദേശങ്ങളില്‍ പിതാക്കന്മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.