കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന എസ്ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നുമാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മറുപടി നല്‍കിയത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ സിബിഐയോടും സര്‍ക്കാരിനോടും നിലപാട് തേടിയ ഹൈക്കോടതി വിശദമായ വാദത്തിനായി കേസ് ഡിസംബര്‍ എട്ടിലേക്ക് മാറ്റി. കൂടാതെ കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തോടും അന്വേഷണവുമായി ബന്ധപ്പെട്ട് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തലവനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിങിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിന് നല്‍കിയ മറുപടിയിലാണ് കേസില്‍ അന്വേഷണം നടത്തുന്ന എസ്ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്.
ഇപ്പോഴത്തെ അന്വേഷണ സംഘത്തെക്കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുത്. അതില്‍ സത്യം ഉണ്ടായിരിക്കില്ല. പ്രതിക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നവിധം കെട്ടിച്ചമച്ച തെളിവുകളായിരിക്കും കുറ്റപത്രത്തില്‍ ഉണ്ടാവുക എന്നും മഞ്ജുഷ ആരോപിച്ചു. സത്യം കണ്ടെത്താന്‍ മറ്റൊരു ഏജന്‍സിയെവച്ച് അന്വേഷിപ്പിക്കണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കണ്ണൂര്‍ കളക്ടറേറ്റില്‍ ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്ന് കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കളക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലെയും നവീന്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ ഇത് മനസിലാക്കാവുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.