സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ ഉത്തരവില്‍ ഡിജിപി ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥന്‍ ആരാകണമെന്നു ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം. അന്വേഷണ സംഘത്തെ തീരുമാനിക്കാനുള്ള പാനല്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇതു തിരുത്തിയാണ് കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവ് ഇറക്കിയത്.

മന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുനരന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി ഉത്തരവിറക്കിയത്.

പൊലീസിന്റെ അന്വേഷണത്തില്‍ പാളിച്ചയുണ്ടായെന്ന് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ഹൈക്കോടതി വിലയിരുത്തിയിരുന്നു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുന്തം കുടച്ചക്രം എന്നീ വാക്കുകള്‍ എത് സാഹചര്യത്തിലാണ് ഉപയോഗിച്ചത് എന്ന് പരിശോധിക്കണം. ഫോറന്‍സിക് പരിശോധനയില്ലാതെയാണ് പൊലീസ് റിപ്പോര്‍ട്ടെന്നും കോടതി വിലയിരുത്തി.

പ്രസംഗം ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ സമയബന്ധിതമായി അന്വേഷണം പുനരന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ഹര്‍ജിക്കാരനായ അഭിഭാഷകന്‍ ബൈജു എം നോയല്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കണണെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരുന്നു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. 'കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം' എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.