കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എം.ടി രമേശ് ഒന്‍പത് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് മുന്‍ ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവ് കൈമാറാന്‍ തയാറാണെന്നും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ പറഞ്ഞു. 
അതേസമയം ഇടത് സര്‍ക്കാരിന്റെ പൊലീസ് അന്വേഷിച്ച് തളളിക്കളഞ്ഞ കേസില്‍ ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുരുദേശപരമാണെന്ന് എം.ടി രമേശ് പ്രതികരിച്ചു. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍.
പാര്‍ട്ടിയോട് പിണങ്ങി നസീര്‍ സിപിഎമ്മില്‍ ചേര്‍ന്നത് സമീപകാലത്താണ്. എന്നാല്‍ മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായാണ് നസീര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത്. പാലക്കാട് ചെര്‍പ്പുളശേരിയിലുളള സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് പാര്‍ട്ടി നേതാവ് എം.ടി രമേശ് കോഴ വാങ്ങിയെന്നാണ് നസീറിന്റെ ആരോപണം. 
കോഴക്കാര്യം മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിളളയടക്കം നേരിട്ട് മനസിലാക്കിയിട്ടും നടപടിയുണ്ടായില്ല. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് സംസ്ഥാന സമിതി അംഗമായിരുന്ന ആര്‍.എസ് വിനോദ് കോഴ വാങ്ങിയ സംഭവത്തിന്റെ അന്വേഷണത്തിലാണ് എം.ടി രമേശ് കോഴ വാങ്ങിയതിനെക്കുറിച്ചുളള ആദ്യ സൂചനകള്‍ കിട്ടിയത്. 
പക്ഷെ കോഴ വാങ്ങിയവര്‍ക്കെതിരെയല്ല അത് അന്വേഷിച്ചു കണ്ടെത്തിയവര്‍ക്കെതിരെയാണ് പാര്‍ട്ടി പിന്നീട് നീങ്ങിയതെന്നും നസീര്‍ ആരോപിക്കുന്നു. കേസില്‍ ഇനിയും അന്വേഷണം ഉണ്ടായാല്‍ കോഴയുടെ തെളിവുകള്‍ അടക്കം കൈമാറുമെന്നും നസീര്‍ അവകാശപ്പെട്ടു. എന്നാല്‍ മുമ്പ് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എന്തുകൊണ്ട് ഈ ആരോപണം ഉന്നയിക്കാന്‍ നസീര്‍ തയാറായില്ലെന്നതാണ് രമേശിന്റെ മറുചോദ്യം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എം.ടി രമേശിന്റെ പേര് വീണ്ടും ഉയര്‍ന്നു വരുന്നതിനിടെയാണ് മുന്‍ ബിജെപി നേതാവിന്റെ തുറന്ന് പറച്ചില്‍.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.