കൃത്യമായ കണക്ക് നൽകാതെ കേന്ദ്രം എങ്ങനെ പണം നൽകും? വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൃത്യമായ കണക്ക് നൽകാതെ കേന്ദ്രം എങ്ങനെ പണം നൽകും? വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: വയനാട് പുനരധിവാസത്തിൽ ദുരന്ത നിവാരണ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. സ്വമേധയാ സ്വീകരിച്ച ഹർജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി.

കണക്കുകൾ കൃത്യമായി നൽകിയില്ലെങ്കിൽ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നൽകുമെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ എസ്‌ഡിആർ ഫണ്ടിലെ കാര്യങ്ങൾ വിശദീകരിക്കാൻ ഫിനാൻഷ്യൽ ഓഫീസർ നേരിട്ട് ഹാജരായിട്ട് പോലും കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ കഴിഞ്ഞില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ആരോപണ - പ്രത്യാരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

എസ്‌ഡിആർഎഫിൽ എത്ര പണമുണ്ടെന്ന ചോദ്യത്തിന് 677 കോടി എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. കേന്ദ്ര സർക്കാർ എത്ര രൂപ തന്നു എന്ന ചോദ്യത്തിന് രണ്ട് തവണയായി 291 കോടി രൂപ കേന്ദ്രം എസ്‌ഡിആർഎഫിലേക്ക് നൽകിയെന്ന് സംസ്ഥാനം അറിയിച്ചു. ഇതിൽ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേർത്താണുള്ളത്. ഇതിൽ 95 കോടി രൂപ സംസ്ഥാന സർക്കാർ വയനാട്ടിലേത് ഉൾപ്പെടെയുള്ള മറ്റ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുകയും ചെയ്‌തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്.

ഇതിൽ എത്ര പണം വയനാടിന്റെ പുനരധിവാസത്തിനായി ചെലവഴിക്കുമെന്ന ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ലാതെ പോയത്. കണക്കുകൾ വ്യാഴാഴ്‌ച സമർപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.