നൂറ്റിനാലാം മാർപ്പാപ്പ ബെനഡിക്ട് മൂന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-104)

നൂറ്റിനാലാം മാർപ്പാപ്പ ബെനഡിക്ട് മൂന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-104)

ഏ.ഡി. 855 സെപ്റ്റംബര്‍ 29 മുതല്‍ ഏ.ഡി. 858 ഏപ്രില്‍ 17-വരെ ചുരുങ്ങിയ കാലം മാത്രം നീണ്ടുനിന്ന ഭരണകാലമായിരുന്നു ബെനഡിക്ട് മൂന്നാമന്‍ മാര്‍പ്പാപ്പായുടേത്. അതിനാല്‍ തന്നെ വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ അദ്ദേഹത്തിന്റെ ഭരണകാലത്തേക്കുറിച്ച് ലഭ്യമായിട്ടുള്ളു. ലിയോ നാലാമന്‍ പാപ്പയുടെ കാലശേഷം, റോമന്‍ ജനതയും പുരോഹിതഗണവും സഭാനേതൃത്വവും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആദ്യം വി. മാര്‍ക്കോയുടെ ദേവാലയത്തിന്റെ കര്‍ദ്ദിനാള്‍ പുരോഹിതനായിരുന്ന ഹഡ്രിയാനെ തെരഞ്ഞെടുത്തു. പക്ഷെ, ഹഡ്രിയാന്‍, മാര്‍പ്പാപ്പയായുള്ള തെരഞ്ഞെടുപ്പ് അംഗീകരിക്കുവാന്‍ വിസ്സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് വി. കലിസ്റ്റോയുടെ ദേവാലയത്തിന്റെ കര്‍ദ്ദിനാള്‍ പുരോഹിതനും പണ്ഡിതനും ഭക്തനുമായിരുന്ന ബെനഡിക്ടിനെ വി. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. എന്നാല്‍ അദ്ദേഹം വി. പത്രോസിന്റെ പിന്‍ഗാമിയായുള്ള തന്റെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കുവാന്‍ വിസ്സമതിക്കുകയും തന്റെ സ്ഥാനിക ദേവാലയമായ വി. കലിസ്റ്റോയുടെ ദേവാലയത്തില്‍ അഭയം തേടുകയും ചെയ്തു. എന്നാല്‍ റോമന്‍ ജനത അദ്ദേഹത്തെ പിന്തുടരുകയും ലാറ്ററന്‍ കൊട്ടാരത്തിലേക്ക് നേരിട്ട് കൂട്ടിക്കൊണ്ടുവരികയും ഏ.ഡി. 855 ജൂലൈ 20-ന് വി. പത്രോസിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ സ്ഥാനാരോഹണം നടത്തുകയും ചെയ്തു.

എന്നാല്‍ ചക്രവര്‍ത്തിയുടെ പക്കല്‍ അഭയം തേടി അക്വീലിയ രൂപതയില്‍ താമസമാക്കുകയും തിരികെ മടങ്ങിവരുവാനുള്ള തന്റെ ശാസന നിരസിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ലിയോ നാലാമന്‍ പാപ്പാ സ്ഥാനഭ്രഷ്ടനാക്കിയ കര്‍ദ്ദിനാള്‍ പുരോഹിതനായിരുന്ന അനസ്താസിയൂസിനെയാണ് (അനസ്താസിയൂസ് ബിബ്ലിയോതെക്കാരിയൂസ്) സ്വാധീനമുള്ള ചില സാമ്രാജ്യത്വ അനുകൂലികള്‍ മാര്‍പ്പാപ്പാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ചക്രവര്‍ത്തിയുടെ അംഗീകാരമില്ലാതെ ബെനഡിക്ട് പാപ്പായുടെ അഭിഷേകം നടത്തുക സാധ്യമല്ലാതിരുന്നത് സാമ്രാജിത്വ അനുകൂലികള്‍ അനുകൂല സാഹചര്യമായി കണക്കിലെടുത്ത് അനസ്താസിയൂസിനെ റോമിലേക്ക് കൊണ്ടുവരികയും ബെനഡിക്ട് പാപ്പായെ തന്റെ സിംഹാസനത്തില്‍നിന്നും വലിച്ചിഴച്ച് തടവിലാക്കിയതിനുശേഷം ലാറ്ററന്‍ കൊട്ടാരത്തില്‍ വെച്ച് അനസ്താസിയൂസിന്റെ സ്ഥാനാരോഹണം നടത്തുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസം നീണ്ടുനിന്ന അരാജകത്വം ബെനഡിക്ട് പാപ്പായ്ക്കുള്ള ജനപിന്തുണയും അനസ്താസിയൂസിനോടുള്ള വിശ്വാസീസമൂഹത്തിന്റെ വെറുപ്പും വെളിവാക്കുന്നതായിരുന്നു. ഈ സംഭവവികാസങ്ങള്‍ സാമ്രാജ്യത്വ അനുകൂലികളുടെ മനസ്സലിയിക്കുകയും അവര്‍ ബെനഡിക്ട് പാപ്പായുടെ മെത്രാഭിഷേകത്തിന് അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ബെനഡിക്ട് പാപ്പാ ഏ.ഡി. 855 സെപ്റ്റംബര്‍ 29-ന് റോമിന്റെ മെത്രാനും തിരുസഭയുടെ നൂറ്റിനാലാമത്തെ മാര്‍പ്പാപ്പയുമായി അഭിഷേകം ചെയ്യപ്പെട്ടു. അനസ്താസിയൂസിനെ അദ്ദേഹത്തിന്റെ പേപ്പല്‍ സ്ഥാനചിഹ്നങ്ങള്‍ ഉരിഞ്ഞെടുത്തിനുശേഷം ലാറ്ററന്‍ കൊട്ടാരത്തില്‍നിന്നും പുറത്താക്കി. അനസ്താസിയൂസിനെ അത്മായ പദവിയിലേക്ക് തരംതാഴ്ത്തുകയും ഒരു ആശ്രമത്തില്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, അടുത്ത മൂന്ന് മാര്‍പ്പാപ്പാമാരുടെ ഭരണകാലത്തും അവരുടെ പ്രധാന ഉപദേശകനായി അദ്ദേഹം വീണ്ടും ഉയര്‍ന്നുവരികയും പ്രവര്‍ത്തിക്കുകയും ചെയ്തു. മാത്രമല്ല, റോമന്‍ സഭയുടെ ലൈബ്രേറിയന്‍ എന്ന നാമം അനസ്താസിയൂസിന് നല്‍കപ്പെട്ടു.

ഈ വിവരങ്ങള്‍ക്കുപരിയായി വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ബെനഡിക്ട് പാപ്പായുടെ ഭരണകാലത്തേക്കുറിച്ച് ലഭ്യമായിട്ടുള്ളു. വിവിധ തരത്തിലുള്ള സഭാതര്‍ക്കങ്ങളില്‍ പാപ്പാ ഇടപെടുകയും അവയുടെ പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തുവെങ്കിലും കാര്യമായ നേട്ടങ്ങളോ ഫലമോ ഉണ്ടാക്കുവാന്‍ സാധിച്ചില്ല. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ മേല്‍ റോമിന്റെ പ്രാമുഖ്യവും അധികാരവും സ്ഥിരീകരിക്കുന്നതില്‍ അദ്ദേഹം ഉറച്ചുനിന്നു. സിസിലിയിലെ സിറാക്കൂസ് രൂപതയുടെ മെത്രാനെ സ്ഥാനഭ്രഷ്ടനാക്കിയ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസിന്റെ നടപടി സ്ഥിരീകരിക്കുവാന്‍ തന്റെ മുന്‍ഗാമിയായ ലിയോ നാലാമന്‍ പാപ്പായെപ്പോലെ, രണ്ട് പക്ഷക്കാരും റോമിലേക്ക് വരുന്നതുവരെയും പാപ്പായ്ക്ക് ഈ കേസിനെക്കുറിച്ച് പരിശോധിക്കുവാന്‍ അവസരം ലഭിക്കുന്നതുവരെയും ബെനഡിക്ട് പാപ്പായും തയ്യാറായില്ല. റോമിലെ വി. പൗലോസിന്റെ ദേവാലയം അടക്കം പല ദേവാലയങ്ങളും ഉദ്ധരിക്കുന്നതിന് പാപ്പാ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

ഏ.ഡി. 858 ഏപ്രില്‍ 17-ന് ബെനഡിക്ട് മൂന്നാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതീകശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.

ബെനഡിക്ട് മൂന്നാമന്‍ മാര്‍പ്പാപ്പയുമായി ബന്ധപ്പെട്ടിട്ടുള്ള രസകരമായ ഐതീഹ്യം മധ്യകാലഘട്ടത്തില്‍ രൂപപ്പെട്ട ജൊവാന്‍ പാപ്പായെക്കുറിച്ചുള്ള ഐതീഹ്യമാണ്. പ്രസ്തുത ഐതീഹ്യപ്രകാരം ലിയോ നാലാമന്‍ പാപ്പായുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും രണ്ട് വര്‍ഷവും ഏഴുമാസവും നാല് ദിവസവും തിരുസഭയെ ഭരിക്കുകയും ചെയ്തത് ജോവാന്‍ ആംഗ്ലിക്കൂസ് എന്നറിയപ്പെടുന്ന സ്ത്രീയായിരുന്നു. ജൊവാന്‍ മെയിന്‍സ് എന്ന ദേശക്കാരിയായിരുന്നു. ഏഥന്‍സിലെ വിജയകരമായ വിദ്യാഭ്യാസത്തിനുശേഷം ജൊവാന്‍ റോമിലേക്ക് വരികയും തന്റെ പണ്ഡിതോചിതമായ പ്രഭാഷണങ്ങളിലൂടെയും പ്രബുദ്ധമായ ജീവിതശൈലിയിലൂടെയും റോമന്‍ ജനതയെ വിസ്മയിപ്പിക്കുകയും ചെയ്തു. ലിയോ നാലാമന്‍ പാപ്പായുടെ മരണത്തെത്തുടര്‍ന്ന് ജോവാന്‍ പുരുഷന്‍ ആണെന്ന തെറ്റിദ്ധാരണയില്‍ പുതിയ മാര്‍പ്പാപ്പയായി ഐകകണേ്ഠന തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, വി. പത്രോസിന്റെ ബസിലിക്കയില്‍നിന്നും ലാറ്ററന്‍ കൊട്ടാരത്തിലേക്കുള്ള ഘോഷയാത്രാമധ്യേ ജൊവാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ ജൊവാന്‍ പുരുഷനല്ല മറിച്ച് സ്ത്രീയാണെന്ന രഹസ്യം പരസ്യമാക്കപ്പെട്ടു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.