വി. ലിയോ നാലാമന്‍ മാര്‍പ്പാപ്പ
ഏ.ഡി. 846-ലെ അറബ് മുസ്ലീം വംശജരുടെ ആക്രമണത്തിലൂടെ മങ്ങലേല്‍പ്പിക്കപ്പെട്ട തിരുസഭാഗാത്രത്തിന് പുത്തനുണര്‍വേകിയ ഭരണകാലമായിരുന്നു തിരുസഭയുടെ നൂറ്റിമൂന്നാമത്തെ തലവനായിരുന്ന ലിയോ നാലാമന്‍ മാര്‍പ്പാപ്പയുടേത്. റോമാ നഗരത്തിന്റെ പുനഃരുദ്ധാരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയ അദ്ദേഹം വി. പത്രോസിന്റെ ബസിലിക്കയ്ക്കും വത്തിക്കാന്‍ കുന്നുകള്‍ക്കും ചുറ്റും നാല്പതടിയോളം ഉയരത്തില്‍ മതില്‍ പണിത് റോമാ നഗരത്തെ ബലപ്പെടുത്തി. തുടര്‍ന്ന് റോമാ നഗരം ലെയോണിയന്‍ നഗരം എന്ന പേരിലും അറിയപ്പെടുന്നു.
സെര്‍ജിയൂസ് രണ്ടാമന്‍ മാര്‍പ്പാപ്പ കാലം ചെയ്ത അതേ ദിവസം തന്നെ, അതായത് ഏ.ഡി. 847 ജനുവരി 27-ന് തിരുസഭയുടെ പുതിയ തലവനായി ലിയോ നാലാമന്‍ പാപ്പാ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും അദ്ദേഹത്തിന്റെ അഭിഷേകത്തിനും സ്ഥാനാരോഹണത്തിനുമായി വീണ്ടും ആറ് ആഴ്ച്ചകളോളം കാത്തിരിക്കേണ്ടി വന്നു. ആറാഴ്ച്ചകള്‍ക്കുശേഷം ഏ.ഡി. 847 ഏപ്രില്‍ 10-ന് അദ്ദേഹം റോമിന്റെ മെത്രാനും തിരുസഭയുടെ തലവനുമായി അഭിഷേകം ചെയ്യപ്പെട്ടു. ലിയോ നാലാമന്‍ പാപ്പാ ഏപ്രില്‍ 10-നാണ് അഭിഷേകം ചെയ്യപ്പെട്ടതെങ്കിലും വത്തിക്കാന്റെ ഔദ്യോഗിക രേഖകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ ഭരണകാലം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട ദിവസം മുതലാണ് കണക്കാക്കിയിരിക്കുന്നത്. ഏ.ഡി. 824-ല്‍ പ്രാബല്യത്തില്‍ വന്ന റോമന്‍ ഭരണഘടനയനുസരിച്ച് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിന് ഫ്രാങ്കിഷ് ചക്രവര്‍ത്തിയുടെ അംഗീകാരം ആവശ്യമായിരുന്നുവെങ്കിലും ലിയോ പാപ്പാ പ്രസ്തുത അംഗീകാരത്തിനായി കാത്തുനിന്നില്ല. സമീപകാലത്തെ അറബ് മുസ്ലീം വംശജരുടെ ആക്രമണം ചക്രവര്‍ത്തിയുടെ അംഗീകാരത്തിന് കാലതാമസം വരുത്താം എന്നതായിരുന്നു അത്തരമൊരു നീക്കത്തിന് കാരണമായി പറയപ്പെട്ടത്.
ക്രിയാത്മകതയും വിവേകവും നിറഞ്ഞുനിന്നതായിരുന്നു ലിയോ നാലാമന്‍ പാപ്പായുടെ ഭരണകാലം. റോമാ നഗരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പാപ്പാ വളരെയധികം നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി. വിപുലമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി, കോട്ടകളും ഗോപുരങ്ങളും നിര്‍മ്മിച്ച് റോമാ നഗരത്തെ സുരക്ഷിതമാക്കി. അതോടൊപ്പം തന്നെ ഇറ്റലിയിലെ ഗ്രീക്ക് അധീനതയിലുള്ള നഗരങ്ങളുമായി അദ്ദേഹം സഖ്യത്തിലേര്‍പ്പെട്ടു. ഏ.ഡി. 849-ല്‍ അറബികള്‍ റോമിനെ വീണ്ടും ആക്രമിക്കുവാനായി പദ്ധതികള്‍ വിഭാവനം ചെയ്യുന്നതായി മനസ്സിലാക്കിയപ്പോള്‍ ലിയോ പാപ്പാ ഗ്രീക്ക് അധീനതയിലുള്ള നഗരങ്ങളുമായി ചേര്‍ന്ന് ഒസ്തിയ നഗരത്തിനു വെളിയില്‍ കടലില്‍ വെച്ച് അറബികള്‍ക്കെതിരെ ആക്രമണം നടത്തുകയും റോമില്‍ പ്രവേശിക്കുന്നതില്‍നിന്ന് അവരെ തടയുകയും ചെയ്തു. ഏ.ഡി. 854-ല്‍ സെന്തെമുംചെല്ലെ (ഇപ്പോള്‍ ചിവിത്തവെക്കിയ) തുറമുഖം പുതുക്കിപ്പണിയുകയും ലിയോപോളീസ് എന്നു നാമകരണം ചെയ്യുകയും ചെയ്തു. ഇത്തരം പുതിയ തുടക്കങ്ങളും സംരംഭങ്ങളും ലിയോ മാര്‍പ്പാപ്പയുടെ കീര്‍ത്തി വർദ്ധിക്കുവാൻ കാരണമായി.
ലിയോ നാലാമന്‍ പാപ്പായുടെ ഭരണനേതൃത്വം ജനങ്ങളില്‍ ഏറെ മതിപ്പുളവാക്കിയതുപോലെതന്നെ അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലവും സ്വതന്ത്രവുമായ നയപരിപാടികള്‍ മൂലം ഫ്രാങ്കിഷ് രാജാവായ ലൊഥെയറിനും ലിയോ മാര്‍പ്പാപ്പ അഭിമതനായി. എന്നാല്‍ പിന്നീട് മാര്‍പ്പാപ്പയും ലൊഥെയറും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കങ്ങളും ഉലച്ചിലുകളും സംഭവിച്ചു. പാപ്പാ ചക്രവര്‍ത്തിയോട് പുറമേ ആദരവോടെ വര്‍ത്തിച്ചുവെങ്കിലും, പലപ്പോഴും പാപ്പായുടെ പ്രവര്‍ത്തികള്‍ ചക്രവര്‍ത്തിയുടെ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രമായവയായിരുന്നു. സഭാകാര്യങ്ങളില്‍ ഇടപെടാനുള്ള ലൊഥെയറിന്റെ പല ശ്രമങ്ങളും ലിയോ പാപ്പാ സുധീരം ചെറുത്തു. ഏ.ഡി. 850-ലെ ഈസ്റ്റര്‍ ദിനത്തില്‍ ലൊഥെയറിന്റെ മകനായ ലൂയിസ് രണ്ടാമന് റോമില്‍ വെച്ച് കിരീടധാരണം നടത്തി. എന്നാല്‍ തന്റെ പ്രതിനിധിയെ കൊലപ്പെടുത്തിയ ചക്രവര്‍ത്തിയുടെ ചാരന്മാരെ ശിക്ഷിക്കുവാന്‍ ചക്രവര്‍ത്തിയോട് പാപ്പാ ആവശ്യപ്പെടുകയും കുറ്റക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു.
ലിയോ നാലാമന്‍ പാപ്പായുടെ ആധികാരികതയോടെയും സര്‍വാധിപത്യപരവുമായ ഭരണശൈലി അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തികളിലും പ്രതിഫലിച്ചിരുന്നു. തങ്ങളുടെ മെത്രാധികാരവും അജപാലനാധികാരവും ദുരുപയോഗം ചെയ്ത ഫ്രാങ്കിഷ് മെത്രാന്മാരായ റീംസിന്റെ മെത്രാപ്പോലീത്തയായിരുന്ന ഹിന്‍ക്മര്‍, റെവേന്നയുടെ മെത്രാപ്പോലീത്തയായിരുന്ന ജോണ്‍ എന്നിവരെ അപലപിക്കുന്നതില്‍നിന്നും അവരെ തല്‍സ്ഥാനങ്ങളില്‍നിന്നും പുറത്താക്കുന്നതില്‍നിന്നും പാപ്പാ ഒട്ടും അമാന്തിച്ചില്ല.
വി. മാര്‍സെല്ലോ ദേവാലയത്തിന്റെ കര്‍ദ്ദിനാള്‍ പുരോഹിതനായിരുന്ന അനസ്താസിയൂസ് (പിന്നീട് എതിര്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു) ലിയോ നാലാമന്‍ പാപ്പായുടെ അനുമതിയില്ലാതെ, അനധികൃതമായി ഫ്രാങ്കിഷ് രാജസന്നിധിയിലെ നയതന്ത്രതലവനായി നിയമിക്കപ്പെട്ടു. തന്റെ ചൊല്‍പ്പിടിക്കുനിന്ന് തന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു വ്യക്തിയെ പാപ്പാ സ്ഥാനാര്‍ത്ഥിയായി വാര്‍ത്തെടുക്കുക എന്നതായിരുന്നു ഇത്തരമൊരു നിയമനത്തിലൂടെ ലൊഥെയര്‍ ലക്ഷ്യമിട്ടത്. ഇത്തരമൊരു നീക്കം സഭാനിയമങ്ങള്‍ക്കെതിരാണെന്നും ഇതിന്റെ പരിണിതഫലം സഭയില്‍ ദൂരവ്യാപകമായ നാശങ്ങള്‍ക്കു കാരണമാകുമെന്ന് തിരിച്ചറിഞ്ഞ ലിയോ പാപ്പാ അനസ്താസിയൂസിനോട് തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് റോമിലേക്ക് തിരിച്ചു വരുവാന്‍ ആവശ്യപ്പെട്ടു. പാപ്പായുടെ ആവശ്യത്തെ നിരസ്സിക്കുകയും നിഷേധാത്മകതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ അനസ്താസിയൂസിനെ സഭാഭ്രഷ്ടനാക്കി. അതുപോലെതന്നെ റീംസിന്റെ മെത്രാപ്പോലീത്തയായിരുന്ന ഹിന്‍ക്മറിനെ അപ്പസ്‌തോലിക്ക് പ്രതിനിധിയായി നിയമിക്കുവാനുള്ള ലൊഥെയറിന്റെ അപേക്ഷയെ പാപ്പാ നിരസിച്ചു. ഓട്ടന്‍ രൂപതയുടെ മെത്രാന് അജപാലനാധികാരത്തെ സൂചിപ്പിക്കുന്ന പാലിയം നല്‍കുവാനും അദ്ദേഹം വിസ്സമ്മതിച്ചു.
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട റീംസിന്റെ മെത്രാപ്പോലീത്ത പരികര്‍മ്മം ചെയ്ത പട്ടങ്ങള്‍ അസാധുവാക്കുവാനായി ഫ്രാന്‍സിലെ സ്വസുണ്‍ എന്ന സ്ഥലത്ത് ഏ.ഡി. 853-ല്‍ ചേര്‍ന്ന സിനഡിനെ (Synod of Soissons) ലിയോ നാലാമന്‍ പാപ്പാ റദ്ദാക്കുകയും പേപ്പല്‍ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ മറ്റൊരു സിനഡ് വിളിച്ചുചേര്‍ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസിനോട് തുറവിയോടെയുള്ള മനോഭാവമാണ് സ്വീകരിച്ചത്. എങ്കിലും പാപ്പായോട് കൂടിയാലോചിക്കാതെ സിസിലിയിലെ സിറാക്കൂസ് രൂപതയുടെ മെത്രാനെ സ്ഥാനഭ്രഷ്ടനാക്കിയ നടപടിയെ വിമര്‍ശിക്കുകയും അദ്ദേഹത്തെ ശാസിക്കുകയും ചെയ്യുന്നതിന് മടി കാണിച്ചില്ല. മാത്രമല്ല കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസിനെയും സിറാക്കൂസ് രൂപതയുടെ മെത്രാനെയും പ്രശ്‌നപരിഹാരത്തിനായി റോമിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
തിരുസഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ തികച്ചും കര്‍ക്കശക്കാരനായ ഭരണാധികാരിയായിരുന്നു ലിയോ നാലാമന്‍ മാര്‍പ്പാപ്പ. സഭയില്‍ പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ക്കും സമ്പ്രദായങ്ങള്‍ക്കും അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കി. വി. കുര്‍ബാനയുടെ സമയത്ത് ഹന്നാന്‍ വെള്ളം ഉപയോഗിക്കുന്ന പതിവിന് ലിയോ പാപ്പായാണ് ആരംഭം കുറിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തന്റെ മുന്‍ഗാമികളെപ്പോലെതന്നെ ലിയോ നാലാമന്‍ പാപ്പായും റോമിലെ പല ദേവാലയങ്ങളും പുനഃരുദ്ധരിച്ചു. റോമിലെ വി. ക്ലെമന്റിന്റെ ബസിലിക്കയില്‍ ലിയോ നാലാമന്‍ പാപ്പായുടെ ചുമര്‍ ചിത്രം ഇന്നും കാണാം.
ഏ.ഡി. 855 ജൂലൈ 17-ാം തീയതി ലിയോ നാലാമന്‍ പാപ്പാ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതികശരീരം വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത്
ഇതിന് മുന്പ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ നോക്കുക.
എല്ലാ ഭാഗങ്ങളും വായിക്കുവാൻ ഇവിടെ നോക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.