നൂറ്റിരണ്ടാം മാർപ്പാപ്പ സെര്‍ജിയൂസ് രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-102)

നൂറ്റിരണ്ടാം മാർപ്പാപ്പ സെര്‍ജിയൂസ് രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-102)

തിരുസഭയുടെ നൂറ്റിരണ്ടാമത്തെ തലവനായിരുന്ന സെര്‍ജിയൂസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം സഭാചരിത്രത്തിലെ തന്നെ അഴിമതി നിറഞ്ഞ ഭരണകാലഘട്ടങ്ങളില്‍ ഒന്നായിരുന്നു. റോമിലെ പ്രസിദ്ധമായ ഒരു പ്രഭുകുടുംബത്തിലായിരുന്നു സെര്‍ജിയൂസ് രണ്ടാമന്‍ പാപ്പായുടെ ജനനം. അക്കാലത്ത് മാര്‍പ്പാപ്പയായിരുന്ന ലിയോ മൂന്നാമന്‍ പാപ്പാ സെര്‍ജിയൂസിന്റെ ഭക്തിയും കുലീനമായ സ്വഭാവവും മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തെ പ്രസിദ്ധമായ സ്‌കോള കന്തോരം എന്ന കുട്ടികളുടെ പേപ്പല്‍ ഗായകസംഘത്തില്‍ അംഗമായി ചേര്‍ത്തു. പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട സെര്‍ജിയൂസ് വി. മാര്‍ട്ടിന്റെയും സില്‍വെസ്റ്ററിന്റെയും ദേവാലയത്തിന്റെ കര്‍ദ്ദിനാള്‍ പുരോഹിതനായി പാസ്‌കല്‍ ഒന്നാമന്‍ മാര്‍പ്പാപ്പയാല്‍ നിയമിക്കപ്പെട്ടു. തുടര്‍ന്ന് ഗ്രിഗറി നാലാമന്‍ പാപ്പാ അദ്ദേഹത്തെ ആര്‍ച്ച്പ്രീസ്റ്റായി അവരോധിച്ചു.

ഗ്രിഗറി നാലാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ഏ.ഡി. 844 ജനുവരിയില്‍ സെര്‍ജിയൂസ്, റോമിലെ പ്രഭുക്കന്മാരാല്‍ അദ്ദേഹത്തിന്റെ സ്ഥാനിക ദേവാലയമായ വി. മാര്‍ട്ടിന്റെയും സില്‍വെസ്റ്ററിന്റെയും ദേവാലയത്തില്‍വെച്ച് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹം വൃദ്ധനും സന്ധിവാതം ബാധിച്ച് രോഗാതുരനുമായിരുന്നു. എന്നാല്‍ സെര്‍ജിയൂസ് രണ്ടാമന്റെ തിരഞ്ഞെടുപ്പിന് മുന്നേതന്നെ റോമന്‍ ജനത ഡീക്കനായിരുന്ന ജോണിനെ ഗ്രിഗറി നാലാമന്‍ പാപ്പായുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുകയും ലാറ്ററന്‍ കൊട്ടാരത്തില്‍വെച്ച് അദ്ദേഹത്തെ പുതിയ പാപ്പായായി സിംഹാസനസ്ഥനാക്കുകയും ചെയ്തു. എന്നാല്‍ ഈ നീക്കം റോമിലെ പ്രഭുവംശജരും ജനങ്ങളും തമ്മിലുള്ള കലഹത്തിലേക്ക് നയിക്കുകയും ജോണ്‍ നിഷ്‌കാസിതനാവുകയും ചെയ്തു. ജോണിന്റെ ജീവന്‍ രക്ഷിക്കുവാനായി സെര്‍ജിയൂസ് രണ്ടാമന്‍ ഇടപെടുകയും അദ്ദേഹത്തെ ഒരു ആശ്രമത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.

റോമിലെ സങ്കീര്‍ണ്ണവും അസ്വസ്ഥവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഏ.ഡി. 824-ലെ റോമന്‍ ഭരണഘടനയനുസരിച്ച് പുതിയ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണത്തിന് ഫ്രാങ്കിഷ് ചക്രവര്‍ത്തിയില്‍നിന്നും ആവശ്യമായിരുന്ന അംഗീകാരത്തിനുവേണ്ടി കാത്തുനില്‍ക്കാതെ സെര്‍ജിയൂസ് രണ്ടാമന്‍ റോമിന്റെ മെത്രാനും മാർപ്പാപ്പയുമായി അഭിഷേകം ചെയ്യപ്പെട്ടു. സെര്‍ജിയൂസ് രണ്ടാമന്റെ ഭാഗത്തുനിന്നുണ്ടായ ഈ കീഴ്‌വഴക്ക ലംഘനം ഫ്രാങ്കിഷ് ചക്രവര്‍ത്തിയായ ലൊത്തെയറിനെ കോപാകുലനാക്കുകയും തന്റെ മകനും ഇറ്റലിയുടെ പുതിയ വൈസ്രോയിയുമായ ലൂയിസിനെ സൈന്യസമ്മേതം റോമിലേക്ക് അയ്ക്കുകയും ചെയ്തു. റോമിലേക്കുള്ള വഴിയില്‍ പ്രതികാരമെന്നോണം അവര്‍ പേപ്പല്‍ പ്രദേശങ്ങള്‍ കൊള്ളയടിച്ചു. ലൂയിസ് റോമില്‍ എത്തിയപ്പോള്‍ സെര്‍ജിയൂസ് രണ്ടാമന്റെ തിരഞ്ഞെടുപ്പിലേക്കും അഭിഷേകത്തിലേക്കും നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കുവാന്‍ ഒരു സിനഡ് വി. പത്രോസിന്റെ ബസിലിക്കയില്‍ വിളിച്ചു ചേര്‍ത്തു. ഇരുപതോളം ഇറ്റാലിയന്‍ മെത്രാന്മാര്‍ പങ്കെടുത്ത പ്രസ്തുത സിനഡില്‍വെച്ച് സെര്‍ജിയൂസ് രണ്ടാമന്റെ മാര്‍പ്പാപ്പയായുള്ള തിരഞ്ഞെടുപ്പ് സാധുവാക്കപ്പെട്ടു. പക്ഷെ അദ്ദേഹവും റോമന്‍ പൗരന്മാരും ഫ്രാങ്കിഷ് ചക്രവര്‍ത്തിയായ ലൊത്തെയറിനോട് കൂറ് പ്രഖ്യാപിക്കുകയും മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ചക്രവര്‍ത്തിയുടെ അംഗീകാരത്തോടെയും അദ്ദേഹത്തിന്റെ പ്രതിനിധിയുടെ സാന്നിധ്യത്തിലും മാത്രമേ മാര്‍പ്പാപ്പയായി വാഴിക്കപ്പെടുവാന്‍ പാടുള്ളുവെന്ന തത്വം അംഗീകരിക്കേണ്ടിയും വന്നു. തുടര്‍ന്ന് സെര്‍ജിയൂസ്, ലൂയിസിനെ ലൊംബാര്‍ഡുകളുടെ രാജാവായി അഭിഷേകം ചെയ്യുകയും വാഴിക്കുകയും ചെയ്തു.

വൃദ്ധനും രോഗാതുരനുമായിരുന്ന സെര്‍ജിയൂസ് രണ്ടാമന്‍ തന്റെ സഹോദരനായ ബനഡിക്ടിന്റെ സഹായത്തോടെയാണ് സഭാഭരണം നിയന്ത്രിച്ചിരുന്നത്. റോമിന്റെ വളര്‍ച്ചയ്ക്ക് കാര്യമായ സംഭാവന നല്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. റോമിലെ ജലവിതരണ സംവിധാനം നവീകരിച്ച് കൂടുതല്‍ മെച്ചപ്പെടുത്തുകയും ലാറ്ററന്‍ ബസിലിക്ക ഉള്‍പ്പെടെയുള്ള ദേവാലയങ്ങള്‍ പുതുക്കിപ്പണിയുകയും ചെയ്തു. എന്നാല്‍ ഇത്തരം നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഇരുണ്ടവശം കൂടിയുണ്ടായിരുന്നു. കാരണം ഇത്തരം നവീകരണപ്രസ്ഥാനങ്ങള്‍ക്ക് പണം കണ്ടെത്തുവാനായിട്ട് സംശയാസ്പദമായ പല മാര്‍ഗ്ഗങ്ങളും സെര്‍ജിയൂസ് പാപ്പായും അദ്ദേഹത്തിന്റെ സഹോദരനും സ്വീകരിച്ചു. മെത്രാന്‍ സ്ഥാനങ്ങളും സഭയിലെ മറ്റു സ്ഥാനമാനങ്ങളും പണത്തിന് വില്ക്കുകയും അത്തരം സ്ഥാനമാനങ്ങള്‍ കൂടുതല്‍ പണം നല്‍കിയവര്‍ക്ക് വില്ക്കുകയും ചെയ്തു.

ഏ.ഡി. 846-ല്‍ അറബ് വംശജര്‍ റോം ആക്രമിക്കുകയും വി. പത്രോസിന്റെയും വി. പൗലോസിന്റെയും ദേവാലയങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. അറബുകളുടെ ആക്രമണത്തെക്കുറിച്ച് നേരത്തെ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നുവെങ്കിലും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുവാന്‍ സെര്‍ജിയൂസ് രണ്ടാമന്‍ പാപ്പാ പരാജയപ്പെട്ടുവെന്ന വിമര്‍ശനം അദ്ദേഹത്തിനെതിരെ ശക്തമായി ഉയര്‍ന്നുവന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ സമകാലീനര്‍ ഈ ആക്രമണത്തെ പേപ്പല്‍ അഴിമതിക്കുള്ള ദൈവിക പ്രതികാരമായി വീക്ഷിച്ചു.

റോം ആക്രമിക്കപ്പെട്ട് ആറുമാസങ്ങള്‍ക്കുള്ളില്‍, അതായത്, ഏ.ഡി. 847 ജനുവരി 27-ന് സെര്‍ജിയൂസ് രണ്ടാമന്‍ പാപ്പാ കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതീകശരീരം വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തത്.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.