കലാപ തീയില്‍ വെന്ത് വെണ്ണീറായ ഒരു സംസ്ഥാനത്ത് പ്രധാനമന്ത്രിയെത്താന്‍ രണ്ടേകാല്‍ വര്‍ഷം!.. ഇപ്പോള്‍ മണിപ്പൂരിലെത്തി തള്ളോട് തള്ള്

കലാപ തീയില്‍  വെന്ത് വെണ്ണീറായ ഒരു സംസ്ഥാനത്ത് പ്രധാനമന്ത്രിയെത്താന്‍ രണ്ടേകാല്‍ വര്‍ഷം!..  ഇപ്പോള്‍ മണിപ്പൂരിലെത്തി  തള്ളോട് തള്ള്

വംശീയ കലാപത്തില്‍ വെന്ത് വെണ്ണീറായ ഒരു സംസ്ഥാനം... നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടത് കുഞ്ഞുങ്ങളടക്കം മുന്നൂറോളം പേര്‍... ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത് കൗമാര പ്രായക്കാരടക്കം നിരവധി സ്ത്രീകള്‍... പരിക്കേറ്റ് വീണത് 1,500 ലധികം പേര്‍... കത്തിയെരിഞ്ഞത് നൂറ് കണക്കിന് വീടുകളും ആരാധനാലയങ്ങളും... കുടിയിറക്കപ്പെട്ടത് 67,000 സാധാരണ മനുഷ്യര്‍...

രാജ്യത്തിന്റെ പ്രധാനമന്ത്രിയെവിടെ?... ചോദിക്കാത്ത മനുഷ്യരില്ല. ആ ചോദ്യം മണിപ്പൂരില്‍ നിന്ന് മാത്രമായിരുന്നില്ല... ഇന്ത്യയൊട്ടാകെ ചോദിച്ചു... ചില ലോക രാഷ്ട്രങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരക്ഷരം ഉരിയാടിയില്ല. മറ്റ് വിഷയങ്ങളിലെല്ലാം പതിവ് പോലെ നിരന്തരം വാചാലനായപ്പോഴും മണിപ്പൂരിനെപ്പറ്റി മൗനിയായി ഇന്ത്യയുടെ പ്രധാനമന്ത്രി.

അവസാനം രണ്ടേകാല്‍ വര്‍ഷത്തിന് ശേഷം ഇന്ന് അദേഹം മണിപ്പൂരിലെത്തി. അതും വെറും അഞ്ച് മണിക്കൂര്‍ മാത്രം സമയ ദൈര്‍ഘ്യമുള്ള സന്ദര്‍ശനം. സകലതും നഷ്ടപ്പെട്ട് സങ്കടക്കണ്ണീരിലായ മണിപ്പൂരി ജനതയെ കാണുകയായിരുന്നില്ല മുഖ്യലക്ഷ്യം എന്നതും ശ്രദ്ധേയം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി പേരിനൊരു വരവ്.

പക്ഷേ, തള്ളലിന് ഒരു കുറവും അദേഹം വരുത്തിയില്ല. മണിപ്പൂര്‍ ധീരന്മാരുടെ നാടാണെന്നും ജനങ്ങളെ സല്യൂട്ട് ചെയ്യുന്നെന്നും പറഞ്ഞു. വംശീയ കലാപത്തില്‍ കത്തിത്തീര്‍ന്ന ഒരു നാടിന് രണ്ടേകാല്‍ വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ സല്യൂട്ട്!

തുടര്‍ന്ന് അദേഹം മണിപ്പൂരിന്റെ പ്രകൃതി ഭംഗിയെക്കുറിച്ച് വാചാലനായി... 'പ്രകൃതിയുടെ സമ്മാനമാണ് മണിപ്പൂര്‍. ഇവിടത്തെ കുന്നുകള്‍ എത്ര മനോഹരം. അത് രാജ്യത്തിന് ലഭിച്ച അതുല്യ സമ്മാനമാണ്. അത് നിങ്ങളുടെ നിരന്തര കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുന്നു'. മണിപ്പൂര്‍ ധീരന്‍മാരുടെ നാടാണെന്നും മോഡി തട്ടിവിട്ടു.

പക്ഷേ, ധീരന്‍മാരുടെ നാട്ടില്‍ ഘടാഘടിയന്മാരായ കരിമ്പൂച്ചകളുടെ കനത്ത സുരക്ഷാ വലയത്തിലാണ് പ്രധാനമന്ത്രി കാലുകുത്തിയത്. മോഡി മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഏര്‍പ്പെടുത്തുന്നതിലും ശക്തമായ സുരക്ഷാ സംവിധാനമാണ് മണിപ്പൂരിലുണ്ടായിരുന്നത്.


'ഞാന്‍ നിങ്ങളോടൊപ്പമുണ്ട്... കേന്ദ്ര സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ട്' എന്ന കിടുക്കന്‍ ഡയലോഗും പറഞ്ഞാണ് മോഡി സംസ്ഥാനം വിട്ടത്. കലാപ കലുഷിതമായ രണ്ടേകാല്‍ വര്‍ഷത്തിനിടെ മണിപ്പൂര്‍ ജനത കേള്‍ക്കാന്‍ ഏറെ ആഗ്രഹിച്ച, എന്നാല്‍ പ്രധാനമന്ത്രി ഒരിക്കല്‍ പോലും പറയാതിരുന്ന വാക്കുകളാണ് കൂക്കി-മെയ്‌തേയ് വംശീയ കലാപത്തിനൊടുവില്‍ വന്നു നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നത്... വെള്ളമെല്ലാം ഒഴുകിപ്പോയിട്ട് അണ കെട്ടുന്നതു പോലെ.

ആപത്ത് കാലത്ത് ഒപ്പം നില്‍ക്കാതെ പേരിന് മാത്രമായുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ മണിപ്പൂര്‍ ജനത വലിയ പ്രതീക്ഷ അര്‍പ്പിക്കുന്നില്ല എന്നതിന് തെളിവാണ് പല പ്രാദേശിക സംഘടനകളുടെയും ബഹിഷ്‌കരണ ആഹ്വാനം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും മോഡിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ചു. 'ബിജെപി ഭരണത്തിലാണ് മണിപ്പൂര്‍ കത്തിയമര്‍ന്നത്' എന്ന പ്ലക്കാര്‍ഡുമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ മണിപ്പൂര്‍ സന്ദര്‍ശനം മോഡിയുടെ പശ്ചാത്താപമല്ലെന്നും മുറിവേറ്റവര്‍ക്ക് മേലുള്ള ക്രൂരമായ പ്രഹരമാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.