നൂറ്റിയൊന്നാം മാർപ്പാപ്പ ഗ്രിഗറി നാലാമൻ (കേപ്പാമാരിലൂടെ ഭാഗം-101)

നൂറ്റിയൊന്നാം മാർപ്പാപ്പ ഗ്രിഗറി നാലാമൻ (കേപ്പാമാരിലൂടെ ഭാഗം-101)

തിരുസഭയുടെ നൂറ്റിയൊന്നാമത്തെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി നാലാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം പതിനാറുവര്‍ഷങ്ങളോളം നീണ്ടുനിന്നുവെങ്കിലും തിരുസഭാ ചരിത്രത്തിലെ അപ്രശസ്തമായ ഭരണമായിരുന്നു അദ്ദേഹത്തിന്റേത്. റോമില്‍ ഭരണസ്വാധീനമുള്ള ഒരു പ്രഭുകുടുംബത്തില്‍നിന്നുള്ളവനായിരുന്നു ഗ്രിഗറി നാലാമന്‍ പാപ്പാ. വാലെന്റൈന്‍ പാപ്പായുടെ മരണസമയത്ത് റോമിലെ വി. മര്‍ക്കോസിന്റെ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ പുരോഹിതനായിരുന്നു അദ്ദേഹം. റോമിലെ പ്രഭുവംശത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ട് പാപ്പാസ്ഥാനത്തേയ്ക്ക് വന്ന ഗ്രിഗറി നാലാമന്‍ പ്രഭുക്കന്മാരുടെ പിന്തുണയോടെയാണ് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. യൂജിന്‍ രണ്ടാമന്‍ പാപ്പായുടെ ഭരണകാലത്ത് ഫ്രാങ്കിഷ് രാജാവായ ലൊത്തെയര്‍ നടപ്പിലാക്കിയ റോമന്‍ ഭരണഘടന വഴിയായി പുനഃസ്ഥാപിക്കപ്പെട്ട പേപ്പല്‍ തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ വോട്ടവകാശം പാപ്പായുടെ തിരഞ്ഞെടുപ്പില്‍ പ്രധാന പങ്കു വഹിച്ചു. കാരണം റോമിലെ പ്രഭുക്കന്മാരുടെ ഇടപെടലും വോട്ടുകളുമായിരുന്നു ഗ്രിഗറി നാലാമന്റെ തിരഞ്ഞെടുപ്പിന് വഴിതെളിച്ചത്.

താന്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് അതില്‍നിന്നും രക്ഷപ്പെടുവാനായി സാന്ത കോസ്മ ഇ ഡാമിയാനോ ബസിലിക്കയില്‍ അഭയം പ്രാപിച്ചുവെങ്കിലും ജനക്കൂട്ടം അദ്ദേഹത്തെ പിന്തുടര്‍ന്ന് അവിടെയെത്തുകയും ആഹ്ളാദപൂർവം മാര്‍പ്പാപ്പയായി പ്രഖ്യാപിക്കുകയും അദ്ദേഹത്തെ ലാറ്ററന്‍ കൊട്ടാരത്തിലേയ്ക്ക് ആഘോഷപൂര്‍വ്വം ആനയിച്ചുകൊണ്ടുപോവുകയും ചെയ്തു. എന്നിരുന്നാലും, റോമന്‍ ഭരണഘടനയനുസരിച്ച് പുതിയ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിന് ചക്രവര്‍ത്തിയുടെയോ അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ അംഗീകാരം വേണമായിരുന്നതിനാലും അതോടൊപ്പം തന്നെ ചക്രവര്‍ത്തിയോടുള്ള കൂറ് പുതിയ മാര്‍പ്പാപ്പ തന്റെ സ്ഥാനാരോഹണത്തിനുമുമ്പ് പ്രഖ്യാപിക്കണമായിരുന്നതിനാലും ഗ്രിഗറി നാലാമന്‍ പാപ്പായുടെ അഭിഷേകത്തിനും സ്ഥാനാരോഹണത്തിനും കാലവിളംബം സംഭവിച്ചു. ഏ.ഡി. 828 മാര്‍ച്ച് 29-ന് ഗ്രിഗറി നാലാമന്‍ പാപ്പ, റോമിന്റെ മെത്രാനും തിരുസഭയുടെ നൂറ്റിയൊന്നാമത്തെ മാര്‍പ്പാപ്പയുമായി അഭിഷേകം ചെയ്യപ്പെട്ടു.

ഫ്രാങ്കിഷ് ചക്രവര്‍ത്തിയായ ലൂയിസ് ദ പയസും മക്കളായ ലൊത്തെയര്‍, പെപ്പിന്‍, ലൂയിസ് ദ ജര്‍മ്മന്‍ എന്നിവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ ഗ്രിഗറി നാലാമന്‍ പാപ്പാ, ലൊത്തെയറിനെയാണ് പിന്തുണച്ചത്. എന്നാല്‍ പാപ്പായുടെ ഈ നടപടി ലൊത്തെയറിനെ എതിര്‍ത്തിരുന്ന ഫ്രാങ്കിഷ് മെത്രാന്മാരെ കോപിഷ്ഠരാക്കി. പാപ്പായുടെ പക്ഷപാതപരമായ പ്രവൃത്തിയില്‍ അസുന്തഷ്ടരായ ഫ്രാങ്കിഷ് മെത്രാന്മാര്‍ ലൂയിസ് ചക്രവര്‍ത്തിയോട് പാപ്പാ പ്രതിജ്ഞ ചെയ്ത വിശ്വസ്തതയെയും കൂറിനെയും കുറിച്ച് ഓര്‍മിപ്പിക്കുകയും ലൂയിസ് ചക്രവര്‍ത്തിയുടെ എതിരായി നടപടികള്‍ എടുത്താല്‍ പാപ്പായെത്തന്നെ സഭാഭ്രഷ്ടനാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷെ വി. പത്രോസിന്റെ പിന്‍ഗാമിയുടെ അധികാരം ഭൗതികമായ ചക്രവര്‍ത്തിയുടെ അധികാരത്തേക്കാളും വലുതാണ് എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് പാപ്പാ തന്റെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു.

ഏ.ഡി. 833-ലെ വേനല്‍ക്കാലത്ത് കോള്‍മാറിനടുത്തുവെച്ച് തങ്ങളുടെ പിതാവായ ലൂയിസ് ചക്രവര്‍ത്തിയുടെ സൈന്യത്തിനെതിരെ അദ്ദേഹത്തിന്റെ മക്കളും സൈന്യവും പടപുറപ്പാട് നടത്തി. തുടര്‍ന്ന് ലൊത്തെയറും സഹോദരന്മാരും ഗ്രിഗറി പാപ്പായെ ലൂയിസ് ചക്രവര്‍ത്തിയുടെ പാളയത്തിലേക്ക് സന്ധിചര്‍ച്ചകള്‍ക്കായി പോകുവാന്‍ നിര്‍ബന്ധിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ തനിക്ക് യുക്തിപ്രദമെന്ന് തോന്നുന്ന ഒത്തുതീര്‍പ്പ് സംജ്ഞയുമായി മടങ്ങിവന്നപ്പോള്‍ ലൊത്തെയര്‍ തന്നെ ചതിക്കുവായിരുന്നുവെന്ന് പാപ്പാ മനസ്സിലാക്കി. ഗ്രിഗറി പാപ്പാ മടങ്ങിയ രാത്രിയില്‍ ലൂയിസ് ചക്രവര്‍ത്തിയുടെ ആശ്രിതര്‍ അദ്ദേഹത്തെ പരിത്യജിച്ചു. തന്മൂലം തന്റെ മക്കളുടെ മുമ്പില്‍ ചക്രവര്‍ത്തി നിരുപാധികം കീഴടങ്ങുകയും അനന്തരഫലമായി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി നാടുകടത്തുകയും ചെയ്തു. ഈ സംഭവവികാസങ്ങളില്‍ മനസ്സുമടുത്ത ഗ്രിഗറി മാര്‍പ്പാപ്പ വിഷണ്ണനായി റോമിലേക്ക് മടങ്ങി. പിന്നീട് ലൂയിസ് ചക്രവര്‍ത്തി വീണ്ടും അധികാരത്തില്‍ പുനഃസ്ഥാപിക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കള്‍ തമ്മില്‍ രക്തപങ്കിലമായ കലഹം ഉടലെടുത്തു. ഒരിക്കല്‍ക്കൂടി ഗ്രിഗറി പാപ്പാ ഒത്തുതീര്‍പ്പിന് മദ്ധ്യസ്ഥം വഹിക്കുവാന്‍ പരിശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിഫലമായിരുന്നു.

ഗ്രിഗറി നാലാമന്‍ പാപ്പായുടെ ഭരണകാലത്തെക്കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. സിസിലി നഗരം കൈയ്യടക്കിയ സാര്‍സെന്‍സിന്റെ (മുസ്ലീമുകള്‍) ആക്രമണങ്ങളെ ചെറുക്കുവാന്‍ ഓസ്തിയ നഗരത്തിനു ചുറ്റും ഒരു കോട്ട നിര്‍മ്മിക്കുകയും പ്രസ്തുത കോട്ടയ്ക്ക് ഗ്രിഗോറിയോപോളീസ് എന്ന നാമം നല്‍കുകയും ചെയ്തു. ഡാനിഷ് വംശജരുടെ ഇടയിലേക്ക് മിഷന്‍ പ്രവര്‍ത്തനത്തിനായി അയ്ക്കപ്പെട്ട അന്‍സഗര്‍നെ ഏ.ഡി. 831-ലൊ 832-ലൊ പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുകയും അജപാലനാധികാരം സൂചിപ്പിക്കുന്ന പാലിയം അദ്ദേഹത്തിന് നല്‍കുകയും സ്‌കാന്‍ഡിനാവിയ സ്ലാവ് മിഷനുകളിലെ പേപ്പല്‍ പ്രതിനിധിയായി നിയോഗിക്കുകയും ചെയ്തു. ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനും ഗ്രിഗറി നാലാമന്‍ മാര്‍പ്പാപ്പ വളരെയധികം സമ്പത്ത് ചിലവഴിച്ചു.

പതിനാറുവര്‍ഷത്തോളം നീണ്ടുനിന്നതെങ്കിലും അപ്രസക്തമായ ഭരണകാലത്തിന് ഏ.ഡി. 844 ജനുവരി 25-ന് തിരശ്ശീല വീണു. ജനുവരി 25-ന് കാലം ചെയ്ത ഗ്രിഗറി നാലാമന്‍ മാര്‍പ്പാപ്പയുടെ ഭൗതീകശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.