തിരുസഭാചരിത്രത്തില്‍ ഏതാണ്ട് നാല്പത് ദിവസങ്ങള്‍ മത്രം നീണ്ടുനിന്ന ഭരണകാലമായിരുന്നു തിരുസഭയുടെ നൂറാമത്തെ മാര്‍പ്പാപ്പയായിരുന്ന വാലെന്റൈന്‍ മാര്‍പ്പാപ്പയുടേത്. യൂജിന്‍ രണ്ടാമന്‍ പാപ്പായുടെ സന്തത സഹചാരിയും അടുത്ത സഹകാരിയുമായിരുന്ന വാലെന്റൈന്‍ ലാറ്ററന്‍ ബസിലിക്കയിലെയും അരമനയിലെയും എല്ലാവരുടെയും സ്‌നേഹത്തിനും ആദരവിനും പാത്രീഭൂതനായിരുന്നു. അതിനാല്‍ത്തന്നെ യൂജിന്‍ രണ്ടാമന്‍ പാപ്പായുടെ മരണശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായുള്ള വാലെന്റൈന്‍ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിന് റോമിലെ പ്രഭുക്കന്മാരുടെയും വൈദികഗണത്തിന്റെയും ജനങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. ഏ.ഡി. 824-ല്‍ ലൂയിസ് ചക്രവര്‍ത്തിയാല്‍ പ്രാബല്യത്തില്‍വന്ന പുതിയ റോമന്‍ ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മാര്‍പ്പാപ്പയായിരുന്നു അദ്ദേഹം. ഏ.ഡി. 827 ആഗസ്റ്റില്‍ പ്രഭുക്കന്മാരാലും വൈദികരാലും ജനങ്ങളാലും ഐക്യകണ്‌ഠേന വാലെന്റൈന്‍ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടു. വാലെന്റൈന്‍ പാപ്പാ സ്ഥാനം സ്വീകരിക്കുവാന്‍ വിസമ്മതിച്ചുവെങ്കിലും അദ്ദേഹത്തിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹത്തെ മേരി മേജര്‍ ബസിലിക്കയില്‍നിന്നും ജനങ്ങള്‍ ആഘോഷമായി ലാറ്ററന്‍ ബസിലിക്കയില്‍ കൊണ്ടുചെന്നാക്കി.
പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായിരുന്നില്ല. ചരിത്രരേഖകള്‍ അനുസരിച്ച് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെ യഥാവിധി റോമിന്റെ മെത്രാനും തിരുസഭയുടെ തലവനുമായി അഭിഷിക്തനാക്കപ്പെട്ടു. ദിവസങ്ങള്‍ മാത്രം നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം എന്ന കാരണത്താല്‍ തന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ രേഖകള്‍ ലഭ്യമല്ല.
വത്തിക്കാന്റെ ഔദ്യോഗിക രേഖകള്‍ അനുസരിച്ച് വാലെന്റൈന്‍ പാപ്പാ ദിവംഗതനായത് ഏ.ഡി. 827 സെപ്റ്റംബര്‍ മാസത്തിലാണ്. എന്നാല്‍ മറ്റു ചില രേഖകള്‍ അനുസരിച്ച് അദ്ദേഹം ഏ.ഡി. 827 ആഗസ്റ്റ് 31-ാം തീയതി അദ്ദേഹം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും നാല്പതു ദിവസങ്ങള്‍ക്കു ശേഷം ഏ.ഡി. 827 ഒക്ടോബര്‍ 10-ാം തീയതി കാലം ചെയ്യുകയും ചെയ്തു. വി. പത്രോസിന്റെ ബസിലിക്കയില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തു എന്നു കരുതപ്പെടുന്നു.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.