തിരുസഭയുടെ തൊണ്ണൂറ്റിയൊമ്പതാമത്തെ തലവനായ യൂജിന്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്താണ് പേപ്പസിയുടെ മേല്‍ ചക്രവര്‍ത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത്തരമൊരു മാറ്റത്തിന് കാരണം, റോമില്‍ ഫ്രാങ്കിഷ് രാജവംശത്തെ അനുകൂലിച്ചിരുന്ന കുലീനവര്‍ഗ്ഗവും വൈദികവിഭാഗവും തമ്മില്‍ നിലനിന്നിരുന്ന കലഹവും വിഭാഗീയതയും യൂജിന്‍ രണ്ടാമന്‍ പാപ്പായുടെ മുന്‍ഗാമിയായിരുന്ന പാസ്‌ക്കല്‍ ഒന്നാമന്‍ പാപ്പായുടെ ഭരണകാലത്തരങ്ങേറിയ സംഭവപരമ്പരകളെ സംബന്ധിച്ചുള്ള അതായത് ഫ്രാങ്കിഷ് അനുകൂല ഉദ്യോഗസ്ഥരുടെ കൊലപാതകത്തിലേക്കും നാടുകടത്തലിലേക്കും നയിച്ച സംഭവങ്ങളെക്കുറിച്ചുള്ള ചക്രവര്‍ത്തിയുടെ ആകുലതയുമായിരുന്നു.
പാസ്‌ക്കല്‍ ഒന്നാമന്‍ പാപ്പായുടെ മരണശേഷം മാസങ്ങളോളം റോമില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ക്കും കുഴപ്പങ്ങള്‍ക്കും ശേഷമാണ് യൂജിന്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് നടന്നത്. ഈ അസ്വസ്ഥതകള്‍ വൈദികവിഭാഗവും പ്രഭുക്കന്മാരും മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുവാനായി തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ എതിര്‍സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നതിലേക്കുവരെ നയിച്ചു. വൈദികരും അത്മായരും പുരോഹിതനായ സിസ്സിന്നിയൂസിനെ പിന്തുണച്ചപ്പോള്‍ പ്രഭുക്കന്മാര്‍ അവന്തിനോയിലെ സാന്താ സബീനാ ദേവാലയത്തിന്റെ മുഖ്യപുരോഹിതനായിരുന്ന യൂജിനൂസിനെ മാര്‍പ്പാപ്പാ സ്ഥാനത്തിനായി പിന്തുണച്ചു. സൂദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ കോര്‍ബിയിലെ ബനഡിക്ടന്‍ ആബിയിലെ സന്യാസിയും ഫ്രാങ്കിഷ് ചക്രവര്‍ത്തിയായിരുന്ന ലൂയിസിന്റെയും അദ്ദേഹത്തിന്റെ മകന്‍ ലൊത്തെയറിന്റെയും വിശ്വസ്തനായ ഉപദേശിയുമായിരുന്ന വാലാ എന്ന സന്യാസിയുടെ ഇടപെടലിലൂടെ ഏ.ഡി. 824 മെയ് മാസത്തിന്റെ ആരംഭത്തില്‍ യൂജിനൂസ് റോമിന്റെ മെത്രാനും മാര്‍പ്പാപ്പയുമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് തീയതിയും സ്ഥാനാരോഹണത്തീയതിയും സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ചരിത്രരേഖകളില്‍നിന്നും ലഭ്യമല്ലെങ്കിലും പാപ്പായുടെ സ്ഥാനാരോഹണം മെയ് 11-നോ അതിനടുത്ത ദിവസങ്ങളിലോ ആണ് നടത്തപ്പെട്ടത് എന്ന് അനുമാനിക്കപ്പെടുന്നു.
യൂജിന്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, താന്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വിവരം ഫ്രാങ്കിഷ് ചക്രവര്‍ത്തിയെ അറിയിക്കുക മാത്രമല്ല ചെയ്തത് മറിച്ച് പേപ്പല്‍ സംസ്ഥാനങ്ങളുടെ മേലുള്ള ചക്രവര്‍ത്തിയുടെ പരമാധികാരത്തെ അംഗീകരിക്കുകയും ലൂയിസ് ചക്രവര്‍ത്തിയോടുള്ള കൂറ് പ്രഖ്യാപിക്കുകയും ചെയ്തു. റോമിനുമേലുള്ള തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനായി ലൂയിസ് ചക്രവര്‍ത്തി തന്റെ മകനും സഹചക്രവര്‍ത്തിയുമായിരുന്ന ലൊത്തെയറിനെ റോമിലേക്ക് അയച്ചു. ലൊത്തെയറും യൂജിന്‍ പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം ലൊത്തെയര്‍ റോമില്‍വെച്ച് ഏ.ഡി. 824 നവംബര്‍ 1-ാം തീയതി പുതിയ റോമന്‍ ഭരണഘടന പ്രസിദ്ധീകരിച്ചു. റോമിനുമേലും പേപ്പസിയുടെമേലുമുള്ള ഫ്രാങ്കിഷ് രാജവംശത്തിന്റെ അധികാരവും നിയന്ത്രണവും ശക്തിപ്പെടുത്തുന്നതായിരുന്നു പ്രസ്തുത ഭരണഘടന. സ്റ്റീഫന്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് ഏ.ഡി. 769-ല്‍ സമ്മേളിച്ച സിനഡ് തീരുമാനത്തിലൂടെ ഉപേക്ഷിച്ച, റോമിലെ വിശ്വാസീഗണത്തിനും വൈദികഗണത്തിനും പേപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭാഗഭാഗിത്വമുണ്ട് എന്ന പുരാതനമായ സമ്പ്രദായം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ആ ഭരണഘടനയുടെ വ്യവസ്ഥകളില്‍ ഒന്ന്. മാത്രമല്ല, പുതിയ ഭരണഘടനാപ്രകാരം മാര്‍പ്പാപ്പയായി അഭിഷിക്തനാകുന്നതിനുമുമ്പ് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ചക്രവര്‍ത്തിയോടുള്ള കൂറും വിധേയത്വവും ചക്രവര്‍ത്തിയുടെ സ്ഥാനപതിയുടെ മുമ്പില്‍ പ്രഖ്യാപിക്കണമായിരുന്നു. എല്ലാറ്റിനുമുപരിയായി റോമാനഗരത്തിലെ പൗരന്മാരെല്ലാം ചക്രവര്‍ത്തിയോടുള്ള വിധേയത്വം പ്രകടമാക്കണമെന്ന വ്യവസ്ഥയും നിലവില്‍ വന്നു. ഏ.ഡി. 826-ല്‍ യൂജിന്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ലാറ്ററന്‍ ബസിലിക്കയില്‍ വിളിച്ചുചേര്‍ത്ത സിനഡില്‍വെച്ച് ഫ്രാങ്കിഷ് ചക്രവര്‍ത്തിക്ക് സഭയുടെമേല്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന റോമന്‍ ഭരണഘടനയും അതിന്റെ വ്യവസ്ഥകളും അംഗീകരിച്ചു.
എന്നിരുന്നാലും, സഭാപരമായ കാര്യങ്ങളില്‍ തിരുസഭയും മാര്‍പ്പാപ്പയും ഫ്രാങ്കിഷ് ചക്രവര്‍ത്തിക്ക് അതീതമായിരിക്കുമെന്നും അത്തരം കാര്യങ്ങളില്‍ സഭയെന്നും സ്വതന്ത്രമായിരിക്കുമെന്നും സിനഡ് പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ സഭയില്‍ സ്ഥാനമാനങ്ങള്‍ പണം കൊടുത്ത് വാങ്ങുന്നതും വില്‍ക്കുന്നതിനുമെതിരെയും, മെത്രാന്മാരുടെ യോഗ്യതയും കടമകളും, വൈദികാര്‍ത്ഥികളുടെയും വൈദികരുടെയും പരിശീലനം, സന്യാസജീവിതം, ഞായറാഴ്ച്ച അവതരണം, വിവാഹം, മറ്റു കാര്യങ്ങള്‍ എന്നിവ സംബന്ധിച്ചുമുള്ള കാനനുകള്‍, ഏറെ പ്രത്യേകമായി ഫ്രാങ്കിഷ് സഭാസമൂഹത്തെ സംബന്ധിക്കുന്ന കാനനുകള്‍ എന്നിവ പ്രസ്തുത സിനഡ് അംഗീകരിക്കുകയും പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു.
പാശ്ചാത്യസഭയും പൗരസ്ത്യസഭയും തമ്മില്‍ ഐക്കണോക്ലാസം എന്ന പാഷണ്ഡതയെ ചൊല്ലി നിലനിന്നിരുന്ന വിഭാഗീയതകള്‍ അവസാനിപ്പിക്കുന്നതിനായി ഒരു ഒത്തുതീര്‍പ്പില്‍ എത്തുക എന്ന ലക്ഷ്യത്തോടെ ലൂയിസ് ചക്രവര്‍ത്തി ഒരു ദൂതനെ റോമിലേക്കയച്ചപ്പോള്‍ യൂജിന്‍ രണ്ടാമന്‍ പാപ്പാ ആ പ്രശ്‌നം ഏ.ഡി. 787-ലെ രണ്ടാം നിഖ്യാ സൂനഹദോസില്‍വെച്ച് തീര്‍പ്പാക്കിയതാണ്, അതിനാല്‍ തന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നിരുന്നാലും പാപ്പായുടെ സമ്മതത്തോടും അറിവോടുംകൂടെ ഐക്കണോക്ലാസം എന്ന പ്രശ്‌നം ചര്‍ച്ച ചെയ്യുവാന്‍ ഫ്രാങ്കിഷ് ദൈവശാസ്ത്രജ്ഞരുടെ ഒരു സമിതിയുടെ യോഗം ഏ.ഡി. 825 നവംബര്‍ 1-ാം തീയതി പാരീസില്‍ വിളിച്ചുചേര്‍ത്തു. ദൈവശാസ്ത്രജ്ഞരുടെ സമിതി രണ്ടാം നിഖ്യാ സൂനഹദോസിന്റെ തീരുമാനങ്ങളെ നിരാകരിക്കുകയും അന്ധവിശ്വാസത്തെയും തെറ്റിനെയും സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് യൂജിന്‍ രണ്ടാമന്‍ പാപ്പായുടെമേല്‍ കുറ്റം ആരോപിക്കുകയും ചെയ്തു. എന്നാല്‍, അത്തരം ആരോപണങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പാപ്പാ വഴങ്ങിയില്ല. അതുപോലെതന്നെ ലൂയിസ് ചക്രവര്‍ത്തി ആ വിഷയം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോയില്ല. ഈ സമയത്തുതന്നെ പൗരസ്ത്യസഭയില്‍ ദേവാലയത്തില്‍ തിരുസ്വരൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് അനുകൂലിച്ചിരുന്ന പക്ഷക്കാരുടെ നേതാവായിരുന്ന സ്റ്റൂഡിയോസിലെ തെയഡോറുമായി യൂജിന്‍ പാപ്പാ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഐക്കണോക്ലാസ്സം വിഷയത്തില്‍ തന്റെ മുന്‍ഗാമികളുടെ നിലപാടില്‍നിന്നും പാപ്പാ ഒരു കാരണവശാലും വ്യതിചലിച്ചില്ല.
ഏ.ഡി. 827 ആഗസ്റ്റ് 27-ന് യൂജിന്‍ രണ്ടാമന്‍ പാപ്പാ ദിവംഗതനായി എന്ന് കരുതപ്പെടുന്നുവെങ്കിലും അദ്ദേഹം കാലം ചെയ്ത ദിവസം ഏതാണെന്നതില്‍ വ്യക്തതയില്ല. ഏ.ഡി. 827 ആഗസ്റ്റിലാണ് അദ്ദേഹം ദിവംഗതനായത് എന്നാണ് വത്തിക്കാന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഭൗതികശരീരം വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത്.
മറ്റ് പാപ്പമാരെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.