വയനാട് ദുരന്തം; കേന്ദ്രം ഉത്തരവാദിത്വത്തിന്‍ നിന്ന് ഒളിച്ചോടുന്നു, അമിത് ഷാ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു: മുഖ്യമന്ത്രി

വയനാട് ദുരന്തം; കേന്ദ്രം ഉത്തരവാദിത്വത്തിന്‍ നിന്ന്  ഒളിച്ചോടുന്നു, അമിത് ഷാ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു:  മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരന്തം സംബന്ധിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയതുക്കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത്. അത് വസ്തുതാ വിരുദ്ധമാണെന്നും അതില്‍ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂലൈ 30 പുലര്‍ച്ചെയാണ് ദുരന്തം സംഭവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്ര സംഘം ഇവിടെയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി ആദ്യമായല്ല വയനാട് വിഷയത്തില്‍ പാര്‍ലമെന്റിനെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുമ്പ് അദ്ദേഹം ശ്രമിച്ചു.

കേന്ദ്രം ഉരുള്‍പ്പൊട്ടലിനെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ട് കേരളം എന്ത് ചെയ്തു എന്ന ചോദ്യമാണ് അദേഹം നേരത്തെ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കപ്പെട്ടു. ഇതിന്റെ ആവര്‍ത്തനമാണ് കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റിലെ പ്രസ്താവന.

ഓഗസ്റ്റ് 10 നാണ് പ്രധാനമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കേന്ദ്ര സംഘത്തിന് മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ആ ഘട്ടത്തില്‍ തന്നെ കൃത്യമായി അവതരിപ്പിച്ചിരുന്നു.

ഒട്ടും വൈകാതെ ഓഗസ്റ്റ് 17 ന് ദുരന്തത്തിലുണ്ടായ നഷ്ടവും എന്‍ഡിആര്‍എഫ്. മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനം തിരിച്ച് തയാറാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കി. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടിയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം നൂറ് ദിവസം പിന്നിട്ടു. നിവേദനം സമര്‍പ്പിച്ചിട്ട് മൂന്നു മാസത്തിലധികമായി. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ മറ്റു പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും കേരളത്തിന് പ്രത്യേക ധനസഹായമായി ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ല.

നേരത്തെ നല്‍കിയ മെമ്മോറാണ്ടത്തിന് പുറമേ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് നടത്തുകയും വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിന് നല്‍കുകയും ചെയ്തു. മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.10 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്.

ഈ റിപ്പോര്‍ട്ട് വൈകിയതു കൊണ്ടാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തതെന്ന വിചിത്ര വാദമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മറുപടിയായി നല്‍കിയത് ഇത് ദുരന്തേ മഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണന്നും മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.