'ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ എങ്ങനെ അതിജീവിക്കാം': ഇസ്രയേലില്‍ നിന്ന് പഠിക്കണമെന്ന് അസം മുഖ്യമന്ത്രി

'ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ എങ്ങനെ അതിജീവിക്കാം':  ഇസ്രയേലില്‍ നിന്ന് പഠിക്കണമെന്ന് അസം മുഖ്യമന്ത്രി

ദിസ്പൂര്‍: ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ അതിജീവിക്കാന്‍ ഇസ്രയേലില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സോനിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില്‍ സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. അസമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ഹിമന്ത പറഞ്ഞു.

ചരിത്രപരമായി ബംഗ്ലാദേശ്, മ്യാന്‍മര്‍, പശ്ചിമ ബംഗാള്‍ എന്നിവയുമായി അസം അതിര്‍ത്തികള്‍ പങ്കിട്ടിട്ടുണ്ട്. ആസാമികള്‍ 12 ജില്ലകളില്‍ ന്യൂനപക്ഷമാണ്. ശത്രുക്കളാല്‍ ചുറ്റപ്പെട്ടപ്പോള്‍ പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് ഒരു സമുദായമായി നിലനില്‍ക്കാന്‍ കഴിയൂ എന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

നാം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മള്‍ സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാ ശാസ്ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശ വാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുന്നു.

ആസാമികള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോണ്‍ഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഡിന്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടര്‍ ഭൂമി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

നുഴഞ്ഞു കയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെങ്കില്‍, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിന്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായക പങ്കുണ്ടെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.