വത്തിക്കാൻ സിറ്റി: പ്രത്യയശാസ്ത്രങ്ങളും അവയുടെ ഫലമായുള്ള ധ്രുവീകരണങ്ങളും വികലമാക്കിയ ഇന്നത്തെ സമൂഹത്തിൽ, വിശ്വാസത്തിൽ വേരൂന്നിയതും സർഗാത്മകവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ദൈവശാസ്ത്രസമീപനമാണ് സ്വീകാര്യമായതെന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസംബർ 9,10 തീയതികളിലായി റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നടന്ന ദൈവശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്തവരുമായുള്ള കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.
ദൈവശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര കോൺഫറൻസ്
സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് 'ദൈവശാസ്ത്രത്തിന്റെ ഭാവി: പാരമ്പര്യങ്ങളും സങ്കല്പങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി കോൺഫറൻസ് സംഘടിപ്പിച്ചത് . ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം നടന്ന ഈ സമ്മേളനത്തിൽ, എല്ലാ ഭൂഖണ്ഡങ്ങളിലുംനിന്നുമായി 500-ഓളം ദൈവശാസ്ത്രജ്ഞർ പങ്കെടുത്തു. ഇന്നത്തെ ലോകത്തിൽ ദൈവശാസ്ത്രത്തെ എങ്ങനെ പ്രസക്തമായ വിധം അവതരിപ്പിക്കാം എന്നതിനെപ്പറ്റിയുള്ള ചിന്തകളാണ് കോൺഫറൻസിൽ പങ്കുവയ്ക്കപ്പെട്ടത്.
വിവിധ സാംസ്കാരിക പശ്ചാത്തലമുള്ള ദൈവശാസ്ത്രജ്ഞന്മാർക്ക് അവരുടെ അനുഭവങ്ങളും ചിന്തകളും സിനഡൽ സമീപനത്തോടെ പങ്കുവയ്ക്കാനുള്ള വേദിയൊരുക്കുക എന്നതാണ് കോൺഫറൻസ് പ്രത്യേകമായി ലക്ഷ്യമിട്ടത്. കഴിഞ്ഞ തലമുറകളിൽനിന്ന് നമുക്കു ലഭിച്ച ദൈവശാസ്ത്ര പൈതൃകം വർത്തമാനകാലത്തിൽ സൃഷ്ടിപരമായ പ്രചോദനം നൽകത്തക്കവിധം എങ്ങനെ രൂപപ്പെടുത്താം എന്നതായിരുന്നു പ്രധാന ചിന്താവിഷയം.
വിശാലമായ ശാസ്ത്രീയവും സൈദ്ധാന്തികവുമായ ഗവേഷണ മേഖലകളിൽ ദൈവശാസ്ത്രത്തിന് നൽകാൻ കഴിയുന്ന മൗലിക സംഭാവനകളെക്കുറിച്ച് സമ്മേളനത്തിൽ പങ്കെടുത്തവർ സംസാരിച്ചു. യുക്തിപരമായ ചിന്തകൾക്ക് പുതിയ മാതൃകകൾ നൽകാൻ ദൈവശാസ്ത്രത്തിന് കഴിയുമെന്ന കാര്യം സമ്മേളനം ഉയർത്തിക്കാട്ടി. ഇതിനായി ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളുടെ ഒരു ശൃംഖല രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
ദൈവശാസ്ത്രം ലോകത്തെ പ്രകാശിപ്പിക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു
അദൃശ്യമായി നിലനിന്നുകൊണ്ട് ലോകത്തെ പ്രകാശിപ്പിക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്ന പ്രകാശ സ്രോതസാണ് ദൈവശാസ്ത്രമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. അതിനാൽ ദൈവശാസ്ത്രജ്ഞർക്ക് സഭയിലും സമൂഹത്തിലും ഒരു നിർണായക പങ്കുവഹിക്കാനുണ്ടെന്ന കാര്യം പാപ്പാ ഉറപ്പിച്ചുപറഞ്ഞു.
ക്രിസ്തുവിന്റെയും അവിടുത്തെ സുവിശേഷത്തിന്റെയും പ്രകാശം ഉദിച്ചുയരാൻ ദൈവശാസ്ത്രം ശാന്തമായും താഴ്മയോടുംകൂടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായി പാപ്പാ അഭിപ്രായപ്പെട്ടു. അതിനാൽ, ക്രിസ്തുവുമായുള്ള സൗഹൃദത്തിൽ വേരൂന്നിനിന്ന് ലോകത്തിന്റെ സൗന്ദര്യത്തിലും സഹനത്തിലും ഒരുപോലെ പങ്കുചേരണമെന്ന് മാർപാപ്പ ദൈവശാസ്ത്രജ്ഞരെ ഉദ്ബോധിപ്പിച്ചു.
ദൈവശാസ്ത്ര മേഖലയിലെ സ്ത്രീ-പുരുഷ സഹവർത്തിത്വം
ബൈബിളിലെ രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ നിന്നുള്ള ഹുൽദായുടെ ഉദാഹരണം ചൂണ്ടിക്കാട്ടി സ്ത്രീ-പുരുഷ ദൈവശാസ്ത്രജ്ഞർ തമ്മിലുണ്ടാകേണ്ട സഹവർത്തിത്വത്തിന്റെ പ്രാധാന്യം ഫ്രാൻസിസ് പാപ്പ എടുത്തുപറഞ്ഞു. സ്ത്രീകൾക്ക് മാത്രം മനസ്സിലാക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ടെന്നും അതിനാൽ ദൈവശാസ്ത്രത്തിന് അവരുടെ സംഭാവന ആവശ്യമുണ്ടെന്നും മാർപാപ്പ പറഞ്ഞു. പുരുഷാധിപത്യ സ്വഭാവമുള്ള ദൈവശാസ്ത്രം അതിൽതന്നെ അപൂർണമാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.
'എങ്ങനെ ചിന്തിക്കണമെന്ന്' പുനർചിന്തനം ചെയ്യാനും എല്ലാം ലഘൂകരിക്കുക എന്നതിനപ്പുറം യാഥാർത്ഥ്യങ്ങളുടെ സങ്കീർണത ഉൾക്കൊള്ളാനും ദൈവശാസ്ത്രം സഹായകമാകണമെന്നുള്ള തന്റെ ആഗ്രഹം ഫ്രാൻസിസ് പാപ്പാ പങ്കുവച്ചു.
യാഥാർത്ഥ്യങ്ങളെ വികലമാക്കുന്ന ലഘൂകരണത്തിന് പ്രതിവിധി
ലഘൂകരണം യാഥാർത്ഥ്യങ്ങളെ വികലമാക്കുന്നു; അത് പൊള്ളയായതും ഏകപക്ഷീയവുമായ ചിന്തകൾക്ക് കാരണമാകുന്നു. ഇതുതന്നെയാണ് പ്രത്യയശാസ്ത്രങ്ങൾ ചെയ്യുന്നത്. അവ യാഥാർത്ഥ്യത്തെ ഒരൊറ്റ ആശയത്തിലേക്ക് ചുരുക്കി, തത്തകളെപ്പോലെ ഭ്രാന്തമായി ആവർത്തിച്ചുകൊണ്ടിരിക്കുകയും കൗശലത്തോടെ കൃത്രിമം കാണിക്കുകയും ചെയ്യുന്നു. യാഥാർത്ഥ്യങ്ങളെ തമസ്കരിക്കുന്ന, ചിന്തകളെ നിഹനിക്കുന്ന, സമൂഹത്തെ നശിപ്പിക്കുന്ന ലഘൂകരണ ഉപാധികളാണ് പ്രത്യയശാസ്ത്രങ്ങൾ - പരിശുദ്ധ പിതാവ് മുന്നറിയിപ്പു നൽകി.
വിവിധ വൈജ്ഞാനിക ശാഖകളുമായി ഇടപഴകുന്ന ഒരു സമീപനം ദൈവശാസ്ത്രജ്ഞർ സ്വീകരിക്കുക എന്നതാണ് ഇത്തരത്തിലുള്ള ലഘൂകരണത്തിന് പ്രതിവിധിയായി മാർപാപ്പ നിർദ്ദേശിച്ചത്. തത്വചിന്ത, ശാസ്ത്രം, കലകൾ എന്നീ മേഖലകളുമായി സഹകരിക്കുമ്പോൾ സങ്കീർണമായ യാഥാർത്ഥ്യത്തെ കൂടുതൽ ആഴത്തിൽ ഗ്രഹിക്കാൻ നമുക്കു സാധിക്കും. ഇക്കാര്യം സമർത്ഥിക്കാനായി വിശുദ്ധ തോമസ് അക്വീനാസിൻ്റെയും ബൊനവെഞ്ചറിൻ്റെയും ഉദാഹരണങ്ങൾ പാപ്പ ഉദ്ധരിച്ചു.
ദൈവശാസ്ത്രപഠനം എല്ലാവർക്കും പ്രാപ്യമാക്കണം
അവസാനമായി, ദൈവശാസ്ത്രപഠനം എല്ലാവർക്കും പ്രാപ്യമാക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ദൈവശാസ്ത്രജ്ഞരോട് അഭ്യർത്ഥിച്ചു. പ്രത്യേകിച്ച്, മധ്യവയസ്കരായ ആളുകൾക്ക്, തങ്ങളുടെ വിശ്വാസത്തിലും അറിവിലും ആഴപ്പെടുക എന്ന ആഗ്രഹത്തോടെ ദൈവശാസ്ത്ര പഠനത്തിലുള്ള താൽപര്യം വർദ്ധിച്ചു വരുന്നതായി മാർപാപ്പ എടുത്തുപറഞ്ഞു.
ജീവിതത്തിന്റെ നിർണായക ഘട്ടത്തിൽ അർത്ഥവും ലക്ഷ്യവും തേടുന്നവർക്കും നവീകരണം ആഗ്രഹിക്കുന്നവർക്കും ഒരു വഴികാട്ടിയാകാൻ ദൈവശാസ്ത്രത്തിനു സാധിക്കും. അതിനാൽ, ദൈവശാസ്ത്ര പഠനം എല്ലാവർക്കും പ്രാപ്യമാക്കാൻ കഴിയുന്ന തരത്തിൽ, പാഠ്യപദ്ധതികളിൽ സർഗാത്മകമായ ക്രമീകരണങ്ങൾ കൊണ്ടുവരണമെന്ന് ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളോട് പാപ്പാ ആഹ്വാനം ചെയ്തു. 'എല്ലാവർക്കും എന്തെങ്കിലും നമ്മെ പഠിപ്പിക്കാനുണ്ട്' - ഈ വാക്കുകളോടെ പാപ്പാ കൂടിക്കാഴ്ച അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.