കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലെ മുഖ്യ സൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം.കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
എം.കെ നാസര്‍ അടക്കം മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി വിധിച്ചിരുന്നത്. കേസില്‍ ഭീകര പ്രവര്‍ത്തനം തെളിഞ്ഞതായും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഒന്‍പത് വര്‍ഷമായി ജയിലില്‍ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് ഇപ്പോള്‍ ഹൈക്കോടതി നടപടി.
കൈവെട്ട് സംഭവത്തിന്റെ ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നും കൃത്യത്തിന് വേണ്ട വാഹനങ്ങള്‍ സംഘടിപ്പിച്ചതും ആളുകളെ റിക്രൂട്ട് ചെയ്തതും പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന നാസര്‍ ആണെന്നാന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
2010 ജൂലൈ നാലിനാണ് ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ച് കേസിലെ മുഖ്യപ്രതി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്.
പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഘടനയില്‍ അംഗമായ എം.കെ നാസറാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍.
ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ട്. ആക്രമണത്തിന് നിയോഗിച്ച സംഘത്തെ നിയന്ത്രിച്ചിരുന്നത് നാസറാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈലുകളും സിമ്മുകളും ഒളിപ്പിച്ചതും ഇയാളാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഒന്നാംഘട്ട വിചാരണ നേരിട്ടവരില്‍ 13 പേരെ കോടതി ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തില്‍ 18 പേരെ വിട്ടയച്ചു. 2015 ന് ശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണയാണ് രണ്ടാം ഘട്ടത്തില്‍ നടത്തിയത്.
ആക്രമണത്തിന് ശേഷം ഒളിവില്‍ പോവുകയും ആദ്യഘട്ട വിചാരണയ്ക്ക് ശേഷം അറസ്റ്റിലാവുകയും ചെയ്ത പ്രതികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ആക്രമണം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.