തട്ടിപ്പും വിശ്വാസ വഞ്ചനയും ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍; ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച്

തട്ടിപ്പും വിശ്വാസ വഞ്ചനയും ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍; ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പത്താം ക്ലാസ് കേരള സിലബസ് ക്രിസ്മസ് ചോദ്യ പേപ്പര്‍ വിവാദത്തില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

തട്ടിപ്പ്, വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എം.എസ് സൊല്യൂഷന്‍സ് ഉടമ എം.എസ് ഷുഹൈബ് ചോദ്യ പേപ്പര്‍ ചോര്‍ത്തി എന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഇയാളുടെ മൊഴി ക്രൈംബ്രാഞ്ച് ഉടന്‍ രേഖപ്പെടുത്തും.

പരാതി നല്‍കിയ അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. എം.എസ് സൊല്യൂഷന്‍സ് ഉള്‍പ്പടെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്ന അധ്യാപകരുടെ പട്ടിക ക്രൈംബ്രാഞ്ച് സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി സിഇഒ എം. ഷുഹൈബ് രംഗത്ത് വന്നിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെ പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എം.എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് ഷുഹൈബ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയില്‍ തങ്ങള്‍ പ്രവചിച്ച നാല് ചോദ്യങ്ങള്‍ മാത്രമാണ് വന്നത്. മറ്റ് പ്ലാറ്റ്‌ഫോമുകള്‍ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷക്ക് വന്നപ്പോഴും ആരോപണം ഉയര്‍ന്നത് തങ്ങള്‍ക്കെതിരെയാണെന്നും ഷുഹൈബ് പറയുന്നു.

പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉണ്ടായിരുന്നു. ചോദ്യ പേപ്പറിലേതിന് സാമ്യമുള്ള ചോദ്യങ്ങളാണ് യൂട്യൂബ് ചാനലില്‍ വന്നത്. ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ പണം ആവശ്യപ്പെട്ടതായും കെ.എസ്.യു ആരോപിച്ചിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ എം.എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താല്‍കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.