നിരവധി ബോംബ് സ്ഫോടന കേസുകളിലെ പ്രതി; കാസര്‍കോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ ബന്ധം

നിരവധി ബോംബ് സ്ഫോടന കേസുകളിലെ പ്രതി; കാസര്‍കോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ ബന്ധം

കാസര്‍കോട്: കാസര്‍കോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട് നിന്ന് എം.ബി ഷാദ് ഷെയ്ഖ് അന്‍സാറുള്ള എന്നയാളെ അസം പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് സംഘം അറസ്റ്റ് ചെയ്തത്. ഷാദ് ഷെയ്ഖ് അസമില്‍ അടക്കം നിരവധി ബോംബ് സ്ഫോടന കേസുകളിലെ പ്രതിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

ഇയാള്‍ ബംഗ്ല ടീം എന്ന ബംഗ്ലാദേശി തീവ്രവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അല്‍ ക്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ ശേഷം ഷാദ് ഷെയ്ഖിനെ ഇന്റലിജന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മതരാഷ്ട്രം സ്ഥാപിക്കുക എന്നായിരുന്നു ബംഗ്ല ടീം എന്ന സംഘടനയുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. സംഘടനയുടെ കമാന്‍ഡറുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.

2018 മുതല്‍ ഇയാള്‍ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഉദുമ, ചെര്‍ക്കള, കാസര്‍കോട് ടൗണ്‍, പടന്നക്കാട് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്കൊപ്പമാണ് ഷാദ് ഷെയ്ഖ് തൊഴിലെടുത്തിരുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ ഉദുമയിലെ ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ടും എടുത്തിട്ടുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നെല്ലാം സഹായം ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സിയുടെ പരിധിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.