തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഹാസവും വിമര്‍ശനവും.
വനിതാ പ്രതിനിധിയാണ് എം.വി ഗോവിന്ദനെതിരെ പരിഹാസമുയര്‍ത്തിയത്. 'ഗോവിന്ദന്‍ മാഷിന്റെ വൈരുധ്യാത്മക ഭൗതികവാദം എന്താണെന്ന് അറിയണമെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകണം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അര്‍ഥം മനസിലാകുന്നത് അപ്പോഴായിരിക്കും.
പ്രസംഗം ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കുമാണ്. പൊലീസ് സ്റ്റേഷനുകളില്‍ ഇരകള്‍ക്ക് നീതിയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കേസുകളില്‍ നടപടിയില്ല.
പാര്‍ട്ടി നേതാക്കള്‍ക്ക് പോലും നീതി ലഭിക്കുന്നില്ല. പാര്‍ട്ടിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാര്‍ട്ടി പദവികളില്‍ തഴയുന്നു'- സമ്മേളനത്തില്‍ വനിതാ പ്രതിനിധി പറഞ്ഞു. നിശ്ചിത പാര്‍ട്ടി പദവികളില്‍ സ്ത്രീകളെ പരിഗണിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കാനുള്ള ആര്‍ജവം ഉണ്ടോ എന്നും അവര്‍ ചോദിച്ചു.
പൊലീസ് സ്റ്റേഷനില്‍ പാര്‍ട്ടിക്കാര്‍ക്ക് നീതി കിട്ടുന്നില്ലെന്നും പരാതി പലരും ഉന്നയിച്ചു. ബിജെപിക്കാര്‍ക്കും എസ്ഡിപിഐക്കാര്‍ക്കും നല്ല പരിഗണന കിട്ടുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥ ഭരണമെന്നായിരുന്നു മറ്റൊരു വിമര്‍ശനം. വിദ്യാഭ്യാസ വകുപ്പില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് എല്ലാം തീരുമാനിക്കുന്നത്. ശക്തനായ മന്ത്രി ഉണ്ടായിട്ടു പോലും ഒന്നും ചെയ്യാനാവുന്നില്ല.
കഴക്കൂട്ടം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്ന വിഷയത്തിലും സംസ്ഥാന-ജില്ലാ നേതൃത്വത്തിന് നേരെ വിമര്‍ശനമുണ്ടായി. മധു കഴക്കൂട്ടം വഴി പോയപ്പോള്‍ വെറുതെ കസേരയില്‍ കയറി ഇരുന്നതല്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു.
ജില്ലാ-സംസ്ഥാന നേതൃത്വമാണ് മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്. മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയ ഉത്തരവാദിത്തത്തില്‍ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്ന് പ്രതിനിധികളില്‍ ചിലര്‍ വിമര്‍ശിച്ചു.
ദേശീയ-രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ല. ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടത്. അതില്‍ തികഞ്ഞ പരാജയമാണ് ആര്യാ രാജേന്ദ്രനെന്നും വിമര്‍ശനമുണ്ടായി. മേയറെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി.
ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും വിമര്‍ശനമുയര്‍ന്നു. ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകള്‍ പോലുമില്ല. രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരുമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.