സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് നൂറോളം കംഗാരുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 43കാരനെ അറസ്റ്റ് ചെയ്തു. ഹണ്ടര്‍ മേഖലയിലാണ് കംഗാരുക്കളുടെ മൃത ശരീരങ്ങള്‍ കണ്ടെത്തിയത്.
വെടിയേറ്റാണ് കംഗാരുക്കള്‍ ചത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയ്‌ക്കെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതയും ആയുധക്കുറ്റവും ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്.
ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. സൈനികര്‍ക്ക് ആയുധ പരിശീലനം നല്‍കുന്ന മിലിട്ടറി മേഖലയിലാണ് ചിതറിക്കിടക്കുന്ന നിലയില്‍ 98 കംഗാരുക്കളുടെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയത്.
പ്രതിയെ ഡിസംബര്‍ 20 ന് വില്യംടണില്‍ നിന്നാണ് പിടികൂടിയത്. ഇവിടെ നിന്ന് നിരവധി തോക്കുകളും വെടിയുണ്ടകളും മറ്റും പിടിച്ചെടുത്തിരുന്നു. പ്രതിയ്ക്ക് എതിരെ ആറ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
മൃഗങ്ങളോടുള്ള ക്രൂരത, ആയുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ ജനുവരി 13ന് റെയ്മണ്ട് ടെറസ് ലോക്കല്‍ കോടതിയില്‍ ഹാജരാക്കും.
ന്യൂ സൗത്ത് വെയില്‍സില്‍ സംരക്ഷിത വിഭാഗത്തില്‍പെടുന്ന മൃഗത്തെ ഉപദ്രവിച്ചാല്‍ പരമാവധി രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.