കോഴിക്കോടിനും ഉണ്ട് മന്‍മോഹന്‍ സിങ് ഓര്‍മ്മകള്‍

കോഴിക്കോടിനും ഉണ്ട് മന്‍മോഹന്‍ സിങ് ഓര്‍മ്മകള്‍

കോഴിക്കോട്: ഡോ. മന്‍മോഹന്‍സിങ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനയി രണ്ടുവട്ടം കേരളത്തില്‍ എത്തി. 2006 ലും 2009 ലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി കേരളത്തിന്റെ മനസറിഞ്ഞാണ് സംസാരിച്ചത്. കോഴിക്കോട്ടെത്തിയപ്പോള്‍ അദേഹത്തെ വന്‍ജനക്കൂട്ടമാണ് വരവേറ്റത്.

തൂവെള്ള കുര്‍ത്തയും നീല തലപ്പാവുമണിഞ്ഞ് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് 2009 ഏപ്രില്‍ 11 ന് വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് മന്‍മോഹന്‍ ഇറങ്ങിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം ഹെലികോപ്റ്ററില്‍ കോഴിക്കോട്ടേക്കെത്തുകയായിരുന്നു. കേരളത്തോടും കോഴിക്കോടിനോടും തനിക്ക് പ്രത്യേക പ്രതിപത്തിയുണ്ടെന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. രാഷ്ട്രീയത്തേക്കാള്‍ കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടാനുള്ള ദര്‍ശനങ്ങളായിരുന്നു കൂടുതലായും അദേഹം നല്‍കിയത്.

കേരളത്തിനാവശ്യം കൂടുതല്‍ ആഭ്യന്തര നിക്ഷേപമാണെന്നും വിദേശത്ത് നിന്ന് അയക്കുന്ന പണത്തെ മാത്രം ആശ്രയിക്കുന്നത് ആപത്താണെന്നും അദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈജ്ഞാനിക വ്യവസായ കേന്ദ്രമാകാന്‍ കേരളം പ്രയത്‌നിക്കണമെന്നും 2006 ല്‍ അദേഹം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന ഇ. അഹമ്മദ്, എ.കെ ആന്റണി, വയലാര്‍ രവി എന്നിവരെ പ്രധാനമന്ത്രി ഓരോരുത്തരുടെയും ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രശംസിച്ചു.

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പി.ടി ഉഷയെ വാനോളം വാഴ്ത്തിയ പ്രധാനമന്ത്രി ഇക്ബാലിന്റെ കവിതകള്‍ ചൊല്ലി ജനത്തെ കൈയിലെടുത്തു. കനത്ത മഴപെയ്തിട്ടും ബീച്ചില്‍ വന്‍ജനക്കൂട്ടമാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്. പി.വി ഗംഗാധരന്‍, പി. ശങ്കരന്‍, എന്‍. സുബ്രഹ്മണ്യന്‍, കെ.സി അബു തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് വിപുലമായ സ്വീകരണമൊരുക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.