ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം തേടി എന്‍. പ്രശാന്ത്; ഐ.എ.എസ് പോരില്‍ അസാധാരണ നടപടികള്‍

ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം തേടി എന്‍. പ്രശാന്ത്; ഐ.എ.എസ് പോരില്‍ അസാധാരണ നടപടികള്‍

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്തെ പോരില്‍ അസാധാരണ നടപടിയുമായി എന്‍. പ്രശാന്ത്. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍. പ്രശാന്ത്. ഏഴ് കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥരായ ജയതിലകും ഗോപാല കൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. പരാതിക്കാരന്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിന്? സസ്പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തുകൊണ്ട്? തന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ ശേഖരിച്ചത് ആരാണ്? ഇത് എടുത്തത് ഏത് അക്കൗണ്ടില്‍ നിന്നാണ്? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്? സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കില്‍ ഇതെങ്ങനെ സര്‍ക്കാരിന്റെ ഫയലില്‍ കടന്നു കൂടി? തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വ്യാജമാണോ എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നീ ചോദ്യങ്ങളാണ് പ്രശാന്ത് കത്തില്‍ ചോദിക്കുന്നത്.

താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയാലേ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കൂ എന്നാണ് പ്രശാന്തിന്റെ നിലപാട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനെയും ഫെയ്സ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്പെന്റ് ചെയ്തത്. തൊട്ടു പിന്നാലെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു.

ഐഎഎസ് തലപ്പത്തെ പോര് വലിയ മാനക്കേട് ഉണ്ടാക്കിയിരിക്കുന്നതിനിടെ പ്രശാന്തിന്റെ അസാധാരണമായ നടപടിയില്‍ സര്‍ക്കാരിന് കടുത്ത അമര്‍ഷമുണ്ട്. ഇതോടെ കൂടുതല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.